കേരളത്തിലെ പ്രധാന ജില്ലകളിലൊന്നാണ് കോഴിക്കോട്. രുചികരമായ ഭക്ഷണത്തിന് പേരുകേട്ട കോഴിക്കോട്ടേക്ക് കേരളത്തിനകത്തും പുറത്തുമുള്ള ധാരാളംപേർ എത്താറുണ്ട്.
എന്നാല്‍, ഭക്ഷണത്തിന് മാത്രമല്ല, ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് കോഴിക്കോട്. ഇവിടെ എത്തുന്നവർ കണ്ടിരിക്കേണ്ട സ്ഥലമാണ് ഈസ്റ്റ് ഹില്‍ ബംഗ്ലാവിലുള്ള പഴശിരാജ മ്യൂസിയം. 1200 വർഷം പഴക്കമുള്ള അമൂല്യമായ മുത്തുകള്‍ മുതല്‍ 8000 വർഷം പഴക്കമുള്ള പുരാവസ്‌തു ശേഖരം വരെ ഇവിടെയുണ്ട്.
പുരാതന പാത്രങ്ങള്‍, ആഭരണങ്ങള്‍, മുത്തുകള്‍, ആയുധങ്ങള്‍, കളിപ്പാട്ടങ്ങള്‍, നാണയങ്ങള്‍, കുടക്കല്ലുകള്‍, വീരക്കല്ലുകള്‍, പഞ്ചലോഹ വിഗ്രഹങ്ങള്‍, ക്ഷേത്ര മാതൃകകള്‍ തുടങ്ങി നിരവധി കാഴ്‌ചകള്‍ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മ്യൂസിയത്തിന്റെ ഭൂഗർഭ അറയില്‍ ബ്രിട്ടീഷ് ഭരണകാലത്തെ തടവറയും കാണാം. മാത്രമല്ല, മ്യൂസിയത്തിന് ചുറ്റും മനോഹരമായ ഉദ്യോനവും പുല്‍ത്തകിടിയുമുണ്ട്.

വിദ്യാർത്ഥികള്‍ക്കും ഗവേഷകർക്കും പുരാവസ്‌തുക്കളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിനൊപ്പം ആർട്ട് ഗ്യാലറിയില്‍ രാജാ രവിവർമ്മ, രാജരാജ വർമ തുടങ്ങി പല പ്രശസ്‌ത ചിത്രകാരന്മാരുടെയും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ നിന്ന് വെസ്റ്റ്‌ഹില്‍ വഴിയും കാരപ്പറമ്പ് വഴിയും ഇവിടേക്ക് എത്തിച്ചേരാം. ബസ്, ടാക്‌സി, ഓട്ടോ സൗകര്യങ്ങള്‍ ലഭ്യമാണ്. കോഴിക്കോട് സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷൻ. 31 കിലോമീറ്റർ അകലെ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളവുമുണ്ട്.

