Thursday, 30 Aug, 12.46 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കുടുംബശ്രീയെന്നാല്‍ പെണ്ണുങ്ങളുടെ പരദൂഷണ വേദിയാണെന്ന് പറയുന്നവര്‍ ഇവിടെ കമോണ്‍

തിരുവനന്തപുരം: പെണ്ണുങ്ങളുടെ പരദൂഷണ വേദിയാണ് കുടുംബശ്രീയെന്ന് പരിഹസിക്കുന്നവര്‍ ഇത് അറിയണം. നവകേരള നിര്‍മ്മിതിക്കായും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായും അവര്‍ പിരിച്ചെടുത്തത് ഏഴ് കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'പക്ഷേ'കളില്ലാതെ കുടുംബശ്രീ പിരിച്ച ഏഴ് കോടി രൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കൈമാറി. കൂലിപ്പണിക്കാരും തൊഴിലുറപ്പുകാരും കൂട്ടിവച്ച അവരുടെ അദ്ധ്വാനത്തിന്റെ വിലയാണ് ഈ തുക.

സംസ്ഥാനത്തെ 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ചസമ്ബാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണ് ഇത്. ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍.രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് വളണ്ടിയര്‍മാരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചത്. കുടുംബശ്രീ വനിത വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും 3140 പൊതു സ്ഥലങ്ങളും വൃത്തിയാക്കിയിരുന്നു. വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.

വിവിധ ക്യാമ്ബുകളിലും, പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും 76781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകള്‍ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. 15309 കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും, കാര്യക്ഷവുമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Dailyhunt
Top