Monday, 19 Aug, 10.14 pm കേരളകൗമുദി

തിരുവനന്തപുരം
കുണ്ടും കുഴിയും താണ്ടിയൊരു യാത്ര

കിളിമാനൂര്‍: കനാറായിലേക്കുള്ള യാത്ര കഠിനം പൊന്നയ്യപ്പ. പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കനാറാ നിവാസികളാണ് ദുരിത യാത്ര അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായത്.നൂറോളം കുടുംബങ്ങള്‍ താമസിക്കുകയും, നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ അവസാന ഭാഗത്താണ് കഴിഞ്ഞ മാസം പ്രവര്‍ത്തനം ആരംഭിച്ച പൊതു ശ്മശാനവും സ്ഥിതി ചെയ്യുന്നത്. പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കാനാറയിലാണ് ഒരു കോടി ചെലവിട്ട് വൈദ്യുതിയിലും ഗ്യാസിലും പ്രവര്‍ത്തിക്കുന്ന പൊതു ശ്മശാനം നിര്‍മ്മിച്ചത്. കുന്നിന്‍ മുകളിലെ കാനാറയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനായി ഇതോടൊപ്പം 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. എന്നാല്‍ കരാറുകാരന്‍ പണി നടത്താതായതോടെ റോഡിലൂടെയുള്ള ശവമഞ്ചം പേറിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്. പതിറ്റാണ്ട് മുന്‍പ് റോഡിന്റെ കുറെ ഭാഗം ടാര്‍ ചെയ്തിരുന്നു. ഇന്ന് കുണ്ടും കുഴിയും വീണ് ടാര്‍ കണികാണാന്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. ടാര്‍ കഴിഞ്ഞ് നൂറു മീറ്ററോളം ഭാഗം മഴക്കാലത്ത് ചെളിക്കെട്ടാകുന്ന ചെമ്മണ്‍ പാതയാണ്.

റോഡിന്റെ ദുരവസ്ഥ കാരണം അംബുലന്‍സിലും മറ്റും വഹിച്ചു കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സെട്രച്ചറില്‍ നിന്നും തെറിച്ച്‌ വാഹനത്തിന്റെ പ്ലാറ്റ്ഫോമില്‍ വീഴുന്ന സ്ഥിതിയുണ്ട്. റോഡ് നിര്‍മ്മാണത്തിനായി കരാര്‍ എടുത്ത കോണ്‍ട്രാകടര്‍ പണി ഉപേക്ഷിച്ചതോടെ പുതിയ കരാറുകാരനെ തേടുകയാണ് അധികൃതര്‍. സംസ്ഥാനത്ത് തന്നെ ഗ്യാസിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പൊതു ശ്മശാനമാണ് ഇവിടുള്ളത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഴയകുന്നുമ്മല്‍, കിളിമാനൂര്‍, പുളിമാത്ത്, നഗരൂര്‍, കരവാരം, മടവൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ശ്മശാനം പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കാ നാ റയില്‍ നിര്‍മിച്ചത്. എത്രയും വേഗം റോഡ് പുനര്‍ നിര്‍മിച്ച്‌ ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top