Monday, 20 Jan, 6.16 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കുറയ്ക്കുമോ പൊന്നേ ഇറക്കുമതി ചുങ്കം!

കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഇക്കുറി കേന്ദ്ര ബഡ്‌ജറ്രില്‍ കുറയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും. കഴിഞ്ഞ ബഡ്‌ജറ്രിന് മുമ്ബായി ചുങ്കം വെട്ടിക്കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചെയ്‌തത്. പത്തു ശതമാനമായിരുന്ന നികുതി, 12.5 ശതമാനമാക്കി നിര്‍മ്മല.

കുറയ്ക്കുമെന്ന് പ്രതീക്ഷിച്ച ചുങ്കം, അപ്രതീക്ഷിതമായി കൂട്ടിയത് സ്വര്‍ണാഭരണ വിപണിയെ തന്നെ ബാധിച്ചു. വില്‌പന മന്ദഗതിയിലായി. കള്ളക്കടത്തും കൂടി. നടപ്പു സാമ്ബത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ നിയമാനുസൃതമായ സ്വര്‍ണം ഇറക്കുമതി ഏഴ് ശതമാനം കുറഞ്ഞ് 2,057 കോടി ഡോളറാണ്. 2018-19ലെ സമാന കാലയളവില്‍ 2,216 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. അതേസമയം, നടപ്പുവര്‍ഷം ഡിസംബര്‍‌ വരെ 490 കോടി രൂപ വിലമതിക്കുന്ന 1,390 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം ഡയറക്‌ടറേറ്ര് ഒഫ് റെവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, പിടിക്കപ്പെടാത്ത കള്ളക്കടത്ത് സ്വര്‍ണത്തിന്റെ അളവ് ടണ്‍കണക്കിന് ആയിരിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. 2018ല്‍ മാത്രം 37,000 കോടി രൂപ മതിക്കുന്ന 110 ടണ്‍ കള്ളക്കടത്ത് സ്വര്‍ണം ഇന്ത്യയില്‍ എത്തിയിട്ടുണ്ടാകാമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചുങ്കം കുറച്ചാല്‍, നേരായ മാര്‍ഗമുള്ള ഇറക്കുമതി കൂടുമെന്നും ഇത് സര്‍ക്കാരിന് നേട്ടമാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്ത് കുറയുകയും ചെയ്യും.

12.5%

നിലവില്‍ സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം 12.5 ശതമാനം. കഴിഞ്ഞ ബഡ്‌ജറ്രിലാണ് 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കിയത്. ചുങ്കം അഞ്ച് ശതമാനമോ അതില്‍ താഴെയോ ആയി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വാണിജ്യ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കുറയ്ക്കണം

ജി.എസ്.ടി

നിലവില്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം ജി.എസ്.ടിയുണ്ട്. ഇത്, ഒരു ശതമാനമാക്കണം എന്ന ആവശ്യവും ശക്തമാണ്.

കുറഞ്ഞു, കറന്റ്

അക്കൗണ്ട് കമ്മി

വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി താഴാന്‍ സ്വര്‍ണ ഇറക്കുമതിക്കുറവ് സഹായിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം ഏപ്രില്‍-നവംബറില്‍ ഇത് 10,684 കോടി ഡോളറാണ്. 2018ലെ സമാനപാദത്തില്‍ 13,374 കോടി ഡോളറായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top