Thursday, 24 Oct, 1.01 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കൂട്ടിക്കിഴിച്ച്‌ കാത്തിരിപ്പ്, മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തു വരാനിരിക്കെ, നെഞ്ചിടിപ്പോടെ കാത്തുനില്‍ക്കുകയാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ഒന്നര വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരു വര്‍ഷത്തിനപ്പുറമുള്ള തദ്ദേശ തിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള ഈ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി അതുകൊണ്ടുതന്നെ മൂന്നു മുന്നണികള്‍ക്കും നിര്‍ണ്ണായകം.

എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിക്കുകയും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനായി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തത്, സാമുദായിക സമവാക്യങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളെ സജീവമാക്കിയതു കൊണ്ടുതന്നെ സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിട്ടില്ലാത്തത്ര രാഷ്ട്രീയപ്രാധാന്യം ഈ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കല്പിക്കപ്പെട്ടിട്ടുണ്ട്. എന്‍.എസ്.എസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും രംഗത്തെത്തി. സഭാ തര്‍ക്കങ്ങളുടെ പേരില്‍ അവകാശവാദങ്ങളും ആരോപണങ്ങളുമുയര്‍ത്തി ഓര്‍ത്തഡോക്സ് സഭയും രംഗത്തു വന്നിരുന്നു. സഭയിലെ ഒരു വിഭാഗം വൈദികര്‍ കോന്നിയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നിലയുമുണ്ടായി. സാമുദായിക സംഘടനകളുടെ പരസ്യ ഇടപെടല്‍ വോട്ടെടുപ്പിനെ എത്രകണ്ട് സ്വാധീനിച്ചു എന്നതിലേക്ക് കേരളം ഉറ്റുനോക്കുന്നു.

അഞ്ചില്‍ നാലിടത്തും ഉറപ്പായി ജയിക്കുമെന്ന് യു.ഡി.എഫ് പറയുമ്ബോള്‍ മൂന്നിടത്ത് സുനിശ്ചിത ജയമാണ് ഇടതു പ്രതീക്ഷ. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ഇക്കുറി ആ സ്ഥിതി നിലനിറുത്താനാകുമോ എന്നത് ബി.ജെ.പിയുടെ നെഞ്ചിടിപ്പുയര്‍ത്തുന്നു. ഈ രണ്ട് സീറ്റുകള്‍ക്കൊപ്പം കോന്നിയില്‍ക്കൂടി അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ ജയം യു.ഡി.എഫിനൊപ്പമായാല്‍ അത് എന്‍.എസ്.എസിനും നേട്ടമാകും. മറിച്ചായാല്‍ സംഘടനാ നേതൃത്വത്തിന് തിരിച്ചടിയുമാകും. ഈ രണ്ടിടത്ത് തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസിനകത്തും അത് കലാപത്തിന് വഴിവയ്ക്കാം. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെയും കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെയും ആക്രമണത്തിന്റെ മുനകള്‍ നീളാം. അരൂരിനു പുറമേ കിട്ടുന്നതെല്ലാം അടുത്ത അങ്കത്തിലേക്ക് പോരാടാനിറങ്ങുന്ന ഇടതു മുന്നണിക്ക് ബോണസ് ആണ്. മറിച്ചായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഷോക്കും! നേട്ടമായാലും കോട്ടമായാലും ബി.ജെ.പിക്കും സമാനമാണ് സ്ഥിതി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top