Sunday, 22 Sep, 1.06 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മഹാസമാധിദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനം ഇന്നലെ നാടെങ്ങും

ഭക്തിനിര്‍ഭരമായി ആചരിച്ചു. ശിവഗിരിയിലും അനുബന്ധ മഠങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ജപയജ്ഞം, സമാധി പൂജ തുടങ്ങിയ ചടങ്ങുകള്‍ നടന്നു.

ഗുരുദേവന്‍ മഹാസമാധി കൊള്ളുന്ന ശിവഗിരിയില്‍ രാവിലെ മഹാസമാധിയിലെ വിശേഷാല്‍പൂജകള്‍ക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശാരദാമഠത്തിലും പര്‍ണശാലയിലും വിശേഷാല്‍ പൂജകളും ഹോമവും നടന്നു. ഗുരുദേവകൃതികളുടെ പാരായണം, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം കല്യാണി ഷൈലേഷിന്റെ വയലിന്‍കച്ചേരിയും സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണവും ഉണ്ടായിരുന്നു. ഗുരുസ്മരണയുടെ പവിത്രതയില്‍ അലിഞ്ഞുചേര്‍ന്ന മനസുമായി മഹാഗുരുവിന് പ്രണാമമര്‍പ്പിക്കാന്‍ ഇന്നലെ അതിരാവിലെ മുതല്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ ജനസഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞുകവിഞ്ഞിരുന്നു. .

രാവിലെ 10ന് മഹാസമാധിസമ്മേളനം കേന്ദ്രമന്ത്റി ആര്‍.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഖജാന്‍ജി സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. വി. ജോയി എം.എല്‍.എ, സ്വാമി സച്ചിദാനന്ദ, സ്വാമി വിഖ്യാതാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 2.30ന് ശാരദാമഠത്തില്‍ നിന്ന് കലശം എഴുന്നള്ളത്ത് വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധിയിലേക്ക് ആരംഭിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിഖ്യാതാനന്ദ, സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി നിത്യസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലശം എഴുന്നള്ളത്ത്. സന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ കലശാഭിഷേകവും മഹാസമാധിപൂജയും തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥനയും ആരതിയും നടന്നു. . മഹാസമാധിവളപ്പില്‍ തിങ്ങിനിറഞ്ഞ ഭക്തജനസഞ്ചയം ഓം ശ്രീനാരായണ പരമഗുരവേ നമഃ എന്ന മൂലമന്ത്റം ജപിച്ചു. രാവിലെ മുതല്‍ ഉപവാസയജ്ഞവും നടന്നു. ജയന്തിദിനത്തില്‍ വൈദികമഠത്തില്‍ ആരംഭിച്ച ജപയജ്ഞം ഗുരുദേവന്‍ അനന്തരഗാമിയായി അഭിഷേകം ചെയ്ത സ്വാമി ബോധാനന്ദയുടെ 92-ാമത് സമാധിദിനമായ സെപ്തംബര്‍ 25 വരെ തുടരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top