Monday, 22 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ പ്രഹസനമെന്ന് പരാതി

മലയിന്‍കീഴ്: മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ കാര്യക്ഷമമാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പനിബാധിച്ചെത്തിയ രോഗിക്ക് ഒരു പാരസെറ്റമോള്‍ ഗുളിക നല്‍കിയ ശേഷം അടുത്ത ദിവസം ഒ.പിയില്‍ എത്തുന്നതിന് കുറിപ്പടി നല്‍കി വിടുകയായിരുന്നു. മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പിനൊടുവിലാണ് ചികിത്സ ലഭ്യമാകുന്നത്. എന്നാല്‍ ഒരു ഗുളിക കൊണ്ട് അടുത്ത ദിവസം രാവിലെ 10വരെ രോഗി എങ്ങനെ തള്ളിനീക്കുമെന്നതിന് വ്യക്തതയില്ല. ഈ ആശുപത്രിയില്‍ നല്‍കുന്ന സേവനത്തെ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അന്വേഷിക്കാറില്ലത്രേ. ഗവണ്‍മെന്റിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടെയുള്ള ഫണ്ടുകള്‍ വിനിയോഗിച്ച്‌ യഥേഷ്ടം മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ ചികിത്സതേടി എത്തുന്നവര്‍ക്ക് മരുന്ന് നല്‍കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രി ഒ.പി സമയം ഒരു ഡോക്ടറുടെ സേവനമാണ് നിലവിലുള്ളത്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകുമെന്നാണ് ആശുപത്രി രേഖകളിലുള്ളത്. ആശുപത്രിയുടെ ഗ്രേഡ് കൂടിയെങ്കിലും രോഗികള്‍ക്ക് പ്രയോജനമുണ്ടാകുന്നില്ല.

രാത്രിയില്‍ കാലങ്ങളില്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാല്‍ ഭൂരിഭാഗം രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. താലൂക്ക് ആശുപത്രിയെന്ന് പേരുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത ഇവിടെ ചികിത്സയും ഏതാണ്ട് നനഞ്ഞ മട്ടാണ്. ലാബ് ടെക്നീഷ്യന്‍, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ തസ്തികകള്‍ വെറുതേ കിടക്കുകയാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിരമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ആളെ നിയമിച്ചിട്ടുമില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top