Wednesday, 23 Oct, 2.11 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് കളഞ്ഞു കുളിച്ച പോലെയായി, മുന്‍പേ അറിഞ്ഞിട്ടും അനങ്ങിയില്ല, ഫലം വരും മുമ്ബേ ബി.ജെ.പിയില്‍ മുറുമുറുപ്പ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം വരുംമുമ്ബേ സംസ്ഥാന ബി.ജെ.പിയില്‍ മുറുമുറുപ്പ് തുടങ്ങി. അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഉറച്ച വിജയസാദ്ധ്യതയുണ്ടായിട്ടും നേതൃത്വം അത് കളഞ്ഞുകുളിച്ച പോലെയായെന്നാണ് അണികളുടെയും രണ്ടാംനിര നേതൃത്വത്തിന്റെയും പരാതി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് തന്നെ നാലു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമായിരുന്നു. മ‌ഞ്ചേശ്വരത്തും ഇതു തന്നെയായിരുന്നു സ്ഥിതി. എന്നാല്‍, ഇതിനായി യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നാണ് നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചില്ലെങ്കില്‍ അത് സംഘടനാപരമായ വീഴ്ച കൊണ്ടു മാത്രമായിരിക്കും എന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മണ്ഡലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം സജീവമാക്കാന്‍ നേതൃത്വം ഒന്നും ചെയ്തില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിന്റെ തലേന്നാണ് നടത്തിയത്. അഞ്ച് മാസം മുമ്ബേ നടത്താവുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാന തീയതിയുടെ തലേദിവസം വരെ നീട്ടിക്കൊണ്ടുപോയത് വിജയസാദ്ധ്യതയെ ബാധിച്ചതായും നേതാക്കള്‍ വിമര്‍ശിക്കുന്നു. രണ്ടു മുന്നണികളും അഞ്ച് മണ്ഡലങ്ങളിലും പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഇക്കാര്യത്തിലൊന്നും താല്പര്യമില്ലായിരുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. ഉപതിരഞ്ഞടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും മാസങ്ങളായി സംഘടനാ പ്രവര്‍ത്തനം സജീവമായിരുന്നില്ല. ബൂത്ത് , പഞ്ചായത്ത്, നിയോജക മണ്ഡലം തലത്തില്‍ പോലും ഒരു പരിപാടിയും നടന്നിരുന്നില്ലെന്നും നേതാക്കള്‍ ആക്ഷേപമുയര്‍ത്തുന്നു.

തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെങ്കിലും സജീവമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ വിജയം ഉറപ്പാക്കാമായിരുന്നു എന്നും നേതാക്കള്‍ വിലയിരുത്തുന്നു. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം തോറ്ര മഞ്ചേശ്വരം മണ്ഡലത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ആക്ഷേപമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയെ നേതൃത്വം അടിച്ചേല്പിച്ചു എന്നാണ് അണികളുടെ ആരോപണം. അരൂരിലും സ്ഥാനാര്‍ത്ഥിയെ പുറത്തു നിന്നു കെട്ടിയിറിക്കുകയായിരുന്നു. എറണാകുളത്തെ സ്ഥാനാര്‍ത്ഥിയോട് നേരത്തെ തന്നെ മണ്ഡലം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ ഇലക്ഷന്‍ മുന്‍കൂട്ടികണ്ടുള്ള പ്രവര്‍ത്തനം നടത്താമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 46,000ലധികം വോട്ട് നേടിയ കോന്നിയില്‍ പാര്‍ട്ടി സംഘടനാ മെഷിനറി പൂര്‍ണമായും നിര്‍ജീവമായിരുന്നു. ഇവിടെ 70 ശതമാനം ബൂത്തുകളില്‍ മാത്രമാണ് അവസാന റൗണ്ട‌ിലെങ്കിലും പ്രവര്‍ത്തനം നടന്നത്. പുറത്തു നിന്നുള്ള പ്രവര്‍ത്തകരാണ് ഇവിടെ അവസാന നിമിഷം പ്രവര്‍ത്തനത്തിനെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രവര്‍ത്തനം കാഴ്ച വച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രവര്‍ത്തനത്തെക്കുറിച്ചും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മണ്ഡലങ്ങളില്‍ ചുമതലക്കാരായി നിശ്ചയിച്ച നേതാക്കളില്‍ പലരും നാലോ അഞ്ചോ തവണ മുഖം കാണിച്ച ശേഷം സ്വന്തം മാളങ്ങളിലേക്ക് കുതിച്ചു എന്നാണ് ആരോപണം. അതേസമയം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയാവാന്‍ സാദ്ധ്യതയുള്ളവരോട് മണ്‌ഡലത്തില്‍ നേരത്തെ മുതല്‍ സജീവമായി ഇടപെടാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ഫലത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്ബുള്ള രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ ദുര്‍ബലമായിരുന്നു എന്നും ചില നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നു.

മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം ലോക്സഭാ തിരഞ്ഞടുപ്പിനുശേഷം അടുത്ത തിര‌ഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെടുന്ന പാര്‍ട്ടിയായി ചിത്രീകരിക്കാനും എതിരാളികള്‍ക്ക് കഴിഞ്ഞു. നേതൃത്വത്തിന്റെ വിവാദ പ്രസ്താവനകളും ബി.ജെ.പി ക്ക് ദോഷമായെന്ന് അണികളും നേതാക്കളും കുറ്രപ്പെടുത്തുന്നു. ശബരിമല നിയമനിര്‍മ്മാണം ബി.ജെ.പിയുടെ അജണ്ടയിലില്ലെന്ന് പ്രമുഖ നേതാവ് തന്നെ പറഞ്ഞത് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>