Monday, 20 Jan, 1.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മാരക മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി: കളമശേരിയില്‍ മാരക മയക്കുമരുന്ന് ഇനങ്ങളുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. അമ്ബലപ്പുഴ പടിഞ്ഞാറെ തിരുവമ്ബാടി കരയില്‍ അരയപ്പറമ്ബ് വീട്ടില്‍ മജീദിന്റെ മകന്‍ റിന്‍ഷാദ് (24), പുന്നപ്ര കുറവന്‍തോട് കരയില്‍ കല്ലൂപ്പാറലില്‍ വീട്ടില്‍ ഷംസുദീന്റെ മകന്‍ അല്‍ അമീന്‍ (22) എന്നിവരാണ് എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍, എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടിയിലായത്.

എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നടത്തിയ പ്രത്യേക നിരീക്ഷണത്തിലാണ് കളമശേരി കുസാറ്റിന് സമീപമുള്ള വീട്ടില്‍നിന്ന് മയക്കുമരുന്നുകളുമായി റിന്‍ഷാദിനെ അറസ്റ്റുചെയ്തത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് റിന്‍ഷാദ് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് ലാഭകരമായ കച്ചവടം എന്ന നിലയില്‍ ലഹരിവ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു. മയക്കുമരുന്ന് ഗോവയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച്‌ വില്പന നടത്തുന്ന വന്‍സംഘമുണ്ടെന്നും അതിലെ പ്രമുഖനായ അല്‍ അമീന്‍ ഇടപാടുകള്‍ക്കായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും റിന്‍ഷാദില്‍ നിന്നറിഞ്ഞ എക്‌സൈസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്നുമായി അല്‍അമീനെ പിടികൂടുകയായിരുന്നു. ഇയാള്‍ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് പറഞ്ഞു.

10 എല്‍.എസ്.ഡി സ്റ്റാമ്ബ്, 3.5 ഗ്രാം എം.ഡി.എം.എ, 8ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇത്രയും സാധനങ്ങള്‍ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിനതടവ് കിട്ടുന്ന കുറ്റമാണ്. പ്രതികളെ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിയന്ത്രണത്തിലുള്ള നാര്‍ക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് അംഗങ്ങളായ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ ബി.എല്‍. ഷിബു, ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ജോസഫ്, സിജിപോള്‍, അഭിലാഷ്, സി.ഇ.ഒമാരായ . എന്‍. സിഥാര്‍ത്ഥകുമാര്‍, അനീഷ് കെ. ജോസഫ്, റൂബന്‍, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 എം.ഡി.എം.എ മാരകം

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തുവാണ് എം.ഡി.എം.എ. ഗുളിക രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും കാണപ്പെടുന്ന ഇവയ്ക്ക് മോളി, എക്‌സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളുമുണ്ട്. നിലവില്‍ കിട്ടാവുന്നതില്‍ വച്ചു ഏറ്റവും വീര്യമേറിയതും ഹാനികരവുമാണിത്. ഇവയുടെ അളവില്‍ കൂടുതലുള്ള ഉപയോഗം മരണത്തിന് വരെ കാരണമാകാം. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതല്‍ നേരം ലഹരി നില്‍ക്കുന്നതിനാല്‍ സംഗീതമേളകളിലും നൃത്തപരിപാടികളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top