പ്രാദേശികം
'മരണ'പ്പാച്ചിലില്‍ ടിപ്പര്‍ ലോറികള്‍ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം

കല്ലമ്ബലം : കല്ലമ്ബലത്ത് ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലും അതുകൊണ്ടുണ്ടാകുന്ന വാഹനാപകടങ്ങളും തുടര്‍ക്കഥയാകുന്നു. ഇതോടെ അമിതവേഗതയിലെത്തുന്ന ടിപ്പര്‍ ലോറികളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ദിവസം രാവിലെ വെള്ളല്ലൂര്‍ മൂഴിയില്‍ ഭാഗത്ത് അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ കലുങ്ക് ഇടിച്ച് തകര്‍ത്തു. ബസും അമിത വേഗതയിലായിരുന്നു. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
നാല് ദിവസം മുമ്ബ് ദേശീയപാതയില്‍ നാവായിക്കുളത്ത് അമിതവേഗത മൂലം നിയന്ത്രണം വിട്ട ടിപ്പര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് നെയ്യാറ്റിന്‍കര സ്വദേശിയായ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ടിപ്പര്‍ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ കല്ലമ്ബലം, പള്ളിക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ചെറുതും വലുതുമായി 16ഓളം അപകടങ്ങളാണ് നടന്നത്.
മടവൂര്‍ - പള്ളിക്കല്‍ - കട്ടുപുതുശ്ശേരി റോഡിലും വെള്ളല്ലൂര്‍ - ചെമ്മരത്തുമുക്ക് റോഡിലും ടിപ്പര്‍ ലോറികളുടെ അമിത വേഗതമൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും പരാതിയുണ്ട്.
രാവിലെ മുതല്‍ നിശ്ചിത സമയം ടിപ്പര്‍ലോറികള്‍ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികള്‍ ചീറിപ്പായുന്നത്. പല ലോറികളും പെര്‍മിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസ് ജാഗ്രത ഈ മേഖലകളില്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേടി സ്വപ്നമായി ടിപ്പറുകള്‍
പത്ര, പാല്, മത്സ്യ വിതരണക്കാര്‍ക്കും, പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും ടിപ്പറുകള്‍ ഒരു പേടി സ്വപ്നമാണ്. പുലര്‍ച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകള്‍ ശക്തമല്ലാത്തതിനാല് ഈ സമയം തന്നെ തിരഞ്ഞെടുത്ത് പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചില്‍. അപകടങ്ങളില്‍ കൂടുതലും പുലര്ച്ചെയാണെന്നുള്ളത് ഇതു സാധൂകരിക്കുന്നു.
- രണ്ട് മാസത്തിനിടയില്‍ ടിപ്പര്‍ അപകടങ്ങള്‍ 16
- ഭൂരിഭാഗം ടിപ്പര്‍ ലോറികള്‍ക്കും പെര്‍മിറ്റ് ഇല്ല
- പുലര്‍ച്ചെയാണ് ടിപ്പര്‍ അപകടങ്ങള്‍ കൂടുതലും നടക്കുന്നത്
- പൊലീസ് പരിശോധന ശക്തമല്ലാത്തതിനാല് പുലര്‍കാലത്ത് ടിപ്പര്‍ മരണവേഗത്തിലാണ് പായുന്നത്.
- പൊലീസ് ജാഗ്രത കാണിക്കണമെന്ന് ആവശ്യം
പ്രതികരണം
ടിപ്പറുകളുടെ അമിതവേഗതമൂലം നിരവധി ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ടിപ്പറുകളുടെ വേഗത നിയന്ത്രിക്കണം. സ്കൂളുകള്‍ തുറന്നതിനാല്‍ നിരത്തുകളില്‍ ടിപ്പറുകള്‍ ഓടുന്നതിന് സമയക്രമം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊലീസ് പരിശോധന ശക്തമാക്കണം
- കെ . ഗോപിനാഥന് നായര്‍ (പൊതു പ്രവര്ത്തകന്)
വെട്ടിയറ, നാവായിക്കുളം
ചിത്രം:
കഴിഞ്ഞ ദിവസം പുതുശ്ശേരി മുക്ക് - ചെമ്മരത്തുമുക്ക് റോഡില്‍ കലുങ്ക് ഇടിച്ചു തകര്‍ത്ത് നില്ക്കുന്ന ടിപ്പര്‍ ലോറി.