Wednesday, 18 Sep, 12.31 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മാറട്ടെ മഴ, തുടങ്ങട്ടെ മാമാങ്കം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന് മൊഹാലിയില്‍

മൊഹാലി : ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി 20 മഴയെടുത്തതിനാല്‍ ഇന്ന് മൊഹാലിയില്‍ നടക്കുന്ന രണ്ടാം ട്വന്റി 20 യോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ആദ്യമത്സരം ടോസിടാന്‍ പോലും അനുവദിക്കാതെ അവസാനിപ്പിച്ച മഴ മൊഹാലിയില്‍ ശല്യമുണ്ടാക്കില്ല എന്നാണ് കാലാവസ്ഥാറിപ്പോര്‍ട്ടുകള്‍.

അടുത്തകൊല്ലം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇരുടീമുകള്‍ക്കും ഇൗ പരമ്ബര. ലോകകപ്പ് മുന്‍നിറുത്തി പുതിയ താരങ്ങളെ പരീക്ഷിക്കാനും പരുവപ്പെടുത്തിയെടുക്കാനുമാണ് ഇന്നത്തേടക്കം ലോകകപ്പിനുമുമ്ബുള്ള 29 ട്വന്റി 20 കളില്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി പറഞ്ഞുകഴിഞ്ഞു. ഇൗവര്‍ഷം ഇംഗ്ളണ്ടില്‍ നടന്ന ഏകദിന ലോകകതില്‍ സെമിഫൈനലില്‍ തോല്‍ക്കേണ്ടിവന്നതിന്റെ വേദന സ്വന്തം നാട്ടിലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലൂടെ മറികടക്കാനുള്ള വാശിയിലാണ് വിരാട് കൊഹ്‌ലിയും സംഘവും.

വിന്‍ഡീസില്‍ നടന്ന ട്വന്റി 20 പരമ്ബര സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ഹോംസീസണിന് തുടക്കം കുറിക്കാനെത്തുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാതിരുന്ന ശിഖര്‍ ധവാന്‍, ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട കെ.എല്‍. രാഹുല്‍, അനാവശ്യ ഷോട്ടുകളിലൂടെ പുറത്താകുന്നത് പതിവാക്കിയ ഋഷഭ് പന്ത്, നവാഗതരായ നവ്ദീപ് സെയ്‌നി, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ക്കൊക്കെ നിര്‍ണായകമാണ് ഇൗ പരമ്ബര.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ധവാന് വിന്‍ഡീസില്‍ ട്വന്റി 20 യിലും ഏകദിനത്തിലും അവസരം നല്‍കിയെങ്കിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മൊഹാലിയില്‍ രോഹിതിനൊപ്പം ഒാപ്പണിംഗിനെത്തുക ധവാനായിരിക്കും. ധവാന് അവസരമില്ലെങ്കില്‍ മാത്രമേ കെ.എല്‍. രാഹുലിന് കളിക്കാനാകൂ. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ക്കും മദ്ധ്യനിരയില്‍ കളിക്കാന്‍ അവസരം ലഭിക്കും. പേസ് ബൗളിംഗ് ആള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ഇന്ത്യയ്ക്ക് കരുത്തേകുന്ന മറ്റൊരു ഘടകം. ഹാര്‍ദ്ദിക്കിന്റെ സഹോദരന്‍ ക്രുനാലും ഇന്ത്യന്‍ ടീമിലുണ്ടാകും. രാഹുല്‍-ദീപക് ചഹര്‍ ദ്വയവും കളിക്കാന്‍ ഇറങ്ങിയേക്കും. സ്ഥിരം സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും പരമ്ബരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. രാഹുല്‍ ചഹര്‍, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാകും സ്പിന്‍ ബൗളിംഗിന്റെ ചുമതല. നവാഗതരായ നവ്ദീപ് സെയ്നിയും രാഹുല്‍ ചഹറുമാകും പേസ് ബൗളിംഗിന് ചുക്കാന്‍ പിടിക്കുക.

യുവ നിരയുമായാണ് ദക്ഷിണാഫ്രിക്ക കുട്ടിക്രിക്കറ്റില്‍ പോരിനിറങ്ങുന്നത്. വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡികോക്കാണ് നായകന്‍. കാഗിസോ റബാദ, ഡേവിഡ് മില്ലര്‍, പെഹ്‌ലുക്ക് വായോ എന്നിവര്‍ മാത്രമാണ് ടീമില്‍ പരിചയ സമ്ബന്നരെന്ന് പറയാവുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനായി കാര്യവട്ടത്ത് ഏകദിനങ്ങള്‍ കളിച്ച്‌ മികവ് കാട്ടിയ ടെംപ ബൗമ, ലിന്‍ഡെ, ഫോര്‍ച്യൂണ്‍, ജൂനിയര്‍ ഡാല, ആന്‍റിച്ച്‌ നോര്‍ജേ തുടങ്ങിയവര്‍ ട്വന്റി 20 ടീമിലുണ്ട്.

മൂന്ന് വീതം ട്വന്റി 20 കളുടെയും ടെസ്റ്റുകളുടെയും പരമ്ബരയ്ക്കാണ് ദക്ഷിണാഫ്രിക്ക എത്തിയിരിക്കുന്നത്.

ഫിയര്‍ലെസ് ആകാം, കെയര്‍ലെസ് ആകരുത്

സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനായി മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനാകാന്‍ ചെറിയ പ്രായത്തില്‍ത്തന്നെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയ താരമാണ് ഋഷഭ് പന്ത്. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കരുത്തുറ്റ ബൗളര്‍മാരെ നിര്‍ഭയം അടിച്ചുപറത്തുന്ന ബാറ്റിംഗ് ശൈലിയാണ് പന്തിനെ സെലക്ടര്‍മാരുടെ കണ്ണിലുണ്ണിയാക്കിയത്. വിന്‍ഡീസ് പര്യടനത്തില്‍ ധോണി മാറിനിന്നപ്പോള്‍ സാഹ തിരിച്ചുവന്നിട്ടുകൂടി ഒരവസരംപോലും നല്‍കാതെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചത് ഋഷഭ് പന്തിനെയാണ്. എന്നാല്‍ ഇത്രയും അവസരങ്ങള്‍ ലഭിച്ചത് പന്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ പന്ത് അധികം സ്കോര്‍ ചെയ്യാത്തതല്ല വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച്‌ പുറത്താകുന്നത് പതിവാക്കിയതോടെ കോച്ച്‌ രവിശാസ്ത്രിതന്നെ പരസ്യമായി പന്തിന് താക്കീത് നല്‍കിയിട്ടുണ്ട്. പന്തിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ലെന്നും എന്നാല്‍ അശ്രദ്ധ കാട്ടിയാല്‍ ചെവിക്കു പിടിക്കുമെന്നുമാണ് ശാസ്ത്രി പറഞ്ഞത്.

നിര്‍ഭയമായി (ഫിയര്‍ലെസ്) ബാറ്റു വീഴുന്നത് നല്ല കാര്യമാണെങ്കിലും അശ്രദ്ധമായി (കെയര്‍ലെസ്) പുറത്താകുന്നത് ശീലമാക്കരുതെന്ന് ശാസ്ത്രി ഉപദേശവും നല്‍കി. അലക്ഷ്യമായ ഷോട്ടുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പന്തിന്റെ ഭാവിതന്നെ അപകടത്തിലാണെന്ന സൂചനകളും വ്യക്തമാകുന്നുണ്ട്.

ഇശാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങി നിരവധിപ്പേരാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാന്‍ കൊതിച്ചിരിക്കുന്ന്. മറ്റാര്‍ക്കും നല്‍കാത്തയത്ര അവസരങ്ങളാണ് പന്തിന് ലഭിച്ചിരിക്കുന്നത്. അര്‍ഹിക്കുന്നതിലുമധികം അവസരങ്ങള്‍ നല്‍കിയതിനാലാണ് പന്ത് അലക്ഷ്യമായി കളിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ടീം ഇവരില്‍നിന്ന്

ഇന്ത്യ: വിരാട് കൊഹ്‌ലി (ക്യാപ്ടന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്ക : ക്വിന്റണ്‍ ഡി കോക് (ക്യാപ്ടന്‍), വാന്‍ഡര്‍ ഡുസെന്‍, ടെംപ ബൗമ ജൂനിയര്‍ ഡാല, ബ്യോണ്‍ ഫോര്‍ച്യൂണ്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, അന്‍റിച്ച്‌ നോര്‍ജേ, പെഹ്‌ലുക്ക് വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാദ, തബാരെയ്സ് ഷംസി, ജോര്‍ജ് ലിന്‍ഡെ.

ടി.വി ലൈവ്: രാത്രി 7 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍

. 2015 ല്‍നടന്ന ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി 20 കളുടെ പരമ്ബര 2-0 ത്തിന് സ്വന്തമാക്കിയിരുന്നു.

. കാര്യവട്ടത്ത് ഇന്ത്യ എയ്ക്കെതിരെ ഏകദിന പരമ്ബരയില്‍ 1-4ന് തോറ്റിരുന്ന ദക്ഷിണാഫ്രിക്ക എ ടീമിലെ അംഗങ്ങളാണ് ട്വന്റി 20 ടീമില്‍ ഭൂരിഭാഗവും.

. ട്വന്റി 20 യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 28.83 മാത്രം. അയര്‍ലന്‍ഡിനെതിരെ മാത്രമാണ് കൊഹ്‌ലിക്ക് ഇതിലും മോശമായ ബാറ്റിംഗ് ശരാശരിയുള്ളത്.

. ഐ.പി.എല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലുമായി മൊഹാലിയില്‍ കളിച്ച 29 ട്വന്റി 20 കളില്‍ 730 റണ്‍സ് ഡേവിഡ് മില്ലര്‍ നേടിയിട്ടുണ്ട്.

'വിരാട് കൊഹ്‌ലിയും കാഗിസോ റബദയും മികച്ച താരങ്ങളാണ്. അവര്‍ തമ്മില്‍ കടുത്ത പോരാട്ടം തന്നെ നടക്കും. ആ പോര് കാണാന്‍ നല്ല രസമായിരിക്കും."

ക്വിന്റണ്‍ ഡി കോക്ക്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top