Tuesday, 22 Oct, 1.50 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മാര്‍ക്ക് ദാനം ന്യായീകരിച്ച്‌ എം.ജി ; ഗവര്‍ണറുടെ നിലപാടില്‍ ആശങ്ക

കോട്ടയം: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തെ ന്യായീകരിച്ച്‌ വൈസ് ചാന്‍സലര്‍ ഡോ. സാബുതോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ, ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമായി. രജിസ്ട്രാര്‍ സാബുക്കുട്ടനും സിന്‍ഡിക്കേറ്റ് നടപടി ന്യായീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് മറുപടി നല്‍കിയത്. സര്‍ക്കാര്‍ നടപടിക്ക് സാദ്ധ്യത കുറവാണെങ്കിലും മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണറില്‍ നിന്നുണ്ടാകുമോയന്ന ആശങ്കയിലാണ് സര്‍വകലാശാലാ അധികൃതര്‍.

മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടത്. അഞ്ചു മാര്‍ക്ക് കൂട്ടി നല്‍കിയത് മാര്‍ക്ക് ദാനമല്ല, മോഡറേഷനാണെന്നും തീരുമാനം സിന്‍ഡിക്കേറ്റ് യോഗമെടുത്തതിനാല്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് പങ്കില്ലെന്നുമുള്ള മറുപടിയാണ് വി.സി നല്‍കിയത്. ഇത്തരം നയപരമായ തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ടെന്നും മറ്റു സര്‍വകലാശാലകള്‍ ഇങ്ങനെ മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നും ഉദാഹരണസഹിതമുള്ള മറുപടിയാണ് വി.സിയുടേത്. അഞ്ച് മാര്‍ക്ക് അധിക മോഡറേഷന്‍ നല്‍കിയതിന്റെ വിശദീകരണമാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രജിസ്ട്രാറോട് ചോദിച്ചിട്ടുള്ളത്.

സിന്‍ഡിക്കേറ്റംഗത്തിന്റെ ബന്ധുവായ കുട്ടിക്ക് ബി.ടെക്കില്‍ തോറ്റ വിഷയത്തിന് ഒരു മാര്‍ക്ക് കൂട്ടി നല്‍കാനുള്ള ഫയല്‍ അദാലത്തിലെ തീരുമാനം നിയമാനുസൃതമല്ലെന്ന് സര്‍വകലാശാലാ സെക്‌ഷനിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതോടെ, അത് അക്കാഡമിക് കൗണ്‍സിലിന് വിട്ടിരുന്നു. കൗണ്‍സില്‍ ഇതു വരെ കൂടിയിട്ടില്ല. അതിനിടയിലാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി അഞ്ച് മാര്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തത്.

അതേസമയം, മാര്‍ക്ക് ദാനത്തിനെതിരെ എം.ജി സര്‍വകലാശാലയ്ക്കു മുന്നിലുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. ഇന്നലെ കെ.എസ്.യു മാര്‍ച്ച്‌ ലാത്തിച്ചാര്‍ജിലാണ് അവസാനിച്ചത്. വി.സിയുടെയും ചില സിന്‍ഡിക്കേറ്റംഗങ്ങളുടെയും സുരക്ഷയും ശക്തമാക്കി. സര്‍വകലാശാലയിലെ പ്രതിപക്ഷ സംഘടനയും പ്രക്ഷോഭത്തിനിറങ്ങി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top