Tuesday, 22 Oct, 12.26 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മഴക്കെടുതി നേരിടാന്‍ സജ്ജം

തിരുവനന്തപുരം: മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം പൂര്‍ണ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിട്ടി അടിയന്തര യോഗം തീരുമാനിച്ചു. കനത്ത മഴയെത്തുടര്‍ന്നുള്ള സാഹചര്യം യോഗം വിലയിരുത്തി. ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിട്ടി മെമ്ബര്‍ സെക്രട്ടറിയും പങ്കെടുത്തു.
ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇന്‍സിഡന്റ് കമ്മിഷണറായി ചുമതലപ്പെടുത്തി. ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടും. നേവി, കോസ്റ്റ് ഗാര്‍ഡ്, എയര്‍ ഫോഴ്സ് എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് പൂര്‍ണമായി വിലക്കി.
എറണാകുളത്ത് 10 ഉം, പാലക്കാട്ട് മൂന്നും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്ബുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുമ്ബ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാദ്ധ്യതയുള്ളിടത്തും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top