Thursday, 19 Sep, 1.51 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മൊഹാലിയില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം,​ വിരാട് കൊഹ്‌ലിക്ക് അര്‍ദ്ധ സെഞ്ച്വറി

മൊഹാലി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. മൊഹാലിയില്‍ 150 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കി നില്‍ക്കവേയാണ് മൂന്ന് മത്സരപരമ്ബരയിലെ ആദ്യ വിജയം ആഘോഷിച്ചത്. ധര്‍മ്മശാലയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു.

ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിശ്ചിത 20 ഒാവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ 149 റണ്‍സടിച്ചത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കും (52), 49 റണ്‍സ് നേടിയ ടെംപ ബൗമയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി പേസര്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഒാരോ വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കൊഹ‌്ലി 52 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്സുമടക്കം 72 റണ്‍സുമായി പുറത്താകാതെനിന്നു.ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്ത് പുറത്തായി.

വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗ് ഒാപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ദീപക് ചഹറാണ്. നാലാം ഒാവറില്‍ ടീം സ്കോര്‍ 31 ല്‍നില്‍ക്കെ റീസ ഹെന്‍റിക്സിനെ (6) വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈയിലെത്തിക്കുകയായിരുന്നു ദീപക്. തുടര്‍ന്ന് ക്രീസിലൊരുമിച്ച ഡി കോക്കും ബൗമയും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ തുടങ്ങി.

ഇരുവരും ചേര്‍ന്ന് 45 പന്തുകളില്‍ കൂട്ടിച്ചേര്‍ത്തത് 57 റണ്‍സാണ്. 12-ാം ഒാവറില്‍ സെയ്‌നിയുടെ ബൗളിംഗില്‍ വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡി കോക്ക്പുറത്തായത്.37 പന്തുകള്‍ നേരിട്ട ഡി കോക്ക് എട്ട് ബൗണ്ടറികള്‍ പായിച്ചിരുന്നു. പകരമിറങ്ങിയ റാസീ വാന്‍ഡര്‍ ഡ്യൂസനെ (1) തൊട്ടടുത്ത ഒാവറിലെ ആദ്യപന്തില്‍ രവീന്ദ്ര ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി. ഇതോടെ ദക്ഷിണാഫ്രിക്ക 90/ 3 എന്ന നിലയിലായി.

തുടര്‍ന്ന് ബൗമയും ഡേവിഡ് മില്ലറും (18) ചേര്‍ന്ന് ടീമിനെ 100 കടത്തി. 18-ാം ഒാവറില്‍ ടീം സ്കോര്‍ 126 ല്‍ നില്‍ക്കവേ ബൗമയും പുറത്തായി. 43 പന്തുകള്‍ നേരിട്ട ബൗമ മൂന്ന് ഫോറുകളും ഒരു സിക്സും പറത്തിയിരുന്നു. 19-ാം ഒാവറിന്റെ ആദ്യപന്തില്‍ ടീം സ്കോര്‍ 129 ല്‍ നില്‍ക്കവേ ഹാര്‍ദിക് പാണ്ഡ്യ മില്ലനെ ക്ളീന്‍ ബൗള്‍ഡാക്കി. 15 പന്തുകള്‍ നേരിട്ട മില്ലര്‍ ഒരുസിക്സടിച്ചിരുന്നു. തുടര്‍ന്ന് പ്രിട്ടോറിയസും (10 നോട്ടൗട്ട്) പെഹ്‌ലുക്ക്‌വായോയും (8 നോട്ടൗട്ട്) ചേര്‍ന്ന് 149 ലെത്തിച്ചു. ഇരുവരും ഒാരോ സിക്സ് വീതം പറത്തി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യയ്ക്കുവേണ്ടി ഒാപ്പണിംഗിനിറങ്ങിയത്. ആദ്യ ഒാവറില്‍ എട്ട് റണ്‍സ് നേടിയ ഇന്ത്യ രണ്ടാം ഒാവറില്‍ തകര്‍ത്തടിച്ചു. അരങ്ങേറ്റക്കാരന്‍ നോര്‍ജെയെ രണ്ട് തവണയാണ് രോഹിത് സിക്സിന് പറത്തിയത്. തൊട്ടുപിന്നാലെ ധവാന്‍ റബാദയെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പറത്തി. മൂന്നാം ഒാവറില്‍ പെഹ്‌ലുക്ക്‌വായോ രോഹിതിനെ (12) എല്‍.ബിയില്‍ കുരുക്കി മടക്കി അയച്ചു. എന്നാല്‍ ധവാനും (40) കൊഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറയിട്ടു. 31 പന്തുകളില്‍ നാലുഫോറും ഒരു സിക്സും പറത്തിയ ധവാനെ 12-ാം ഒാവറില്‍ തബാരേയ്സ് ഷംസി മില്ലറുടെ കയ്യിലെത്തിക്കുമ്ബോള്‍ ഇന്ത്യ 94/2 എന്ന നിലയിലെത്തിയിരുന്നു.

പരമ്ബരയിലെ അവസാന മത്സരം ഞായറാഴ്ച ബംഗളുരുവില്‍ നടക്കും.

ദക്ഷിണാഫ്രിക്ക ബാറ്റിംഗ്

റീസ ഹെന്‍ട്രിക്സ് സി വാഷിംഗ്ടണ്‍ സുന്ദര്‍ ബി ദീപക് ചഹര്‍ 6, ഡികോക്ക് സി കാെഹ്‌ലി ബി സെയ്‌നി 52, ടെംപ ബൗമ സി ജഡേജ ബി ദീപക് ചഹര്‍ 49, വാന്‍ഡര്‍ ഡ്യൂസന്‍ സി ആന്‍ഡ്ബി ജഡേജ 1, ഡേവിഡ് മില്ലര്‍ ബി ഹാര്‍ദിക് പാണ്ഡ്യ 18, പ്രിട്ടോറിയസ് നോട്ടൗട്ട് 10, പെഹ്‌ലുക്ക് വായോ നോട്ടൗട്ട് 8, എക്സ്ട്രാസ് 5, ആകെ 20 ഒാവറില്‍ 149/5.

വിക്കറ്റ് വീഴ്ച

1-31 (റീസ ഹെന്‍ട്രിക്സ്)

2-88 (ഡികോക്ക്)

3-90 (വാന്‍ഡര്‍ ഡ്യൂസന്‍)

4-126 (ടെംപ ബൗമ)

5-129 (മില്ലര്‍)

ഇന്ത്യ ബൗളിംഗ്

വാഷിംഗ്ടണ്‍ സുന്ദര്‍ 3-0-19-0

ദീപക് ചഹര്‍ 4-0-22-2

നവ്ദീപ് സൈനി 4-0-34-1

രവീന്ദ്ര ജഡേജ 4-0-31-1

ഹാര്‍ദിക് പാണ്ഡ്യ 4-0-31-1

ക്രൂനാല്‍ പാണ്ഡ്യ 1-0-7-0

3

പേരാണ് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം നടത്തിയത് ടെംപ ബൗമ, ബ്യോണ്‍ ഫോര്‍ച്യൂണ്‍, അന്‍റിച്ച്‌ നോര്‍ജേ എന്നിവരായിരുന്നു ആദ്യമത്സരത്തിനിറങ്ങിയവര്‍. മൂവരും കാര്യവട്ടത്ത് ഇന്ത്യ എയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ കളിച്ചവരാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top