Monday, 24 Jun, 1.50 am കേരളകൗമുദി

പ്രാദേശികം
മൂന്നരക്കിലോ കഞ്ചാവും പണവും പൊലീസ് പിടികൂടി

തിരുവനന്തപുരം: കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന സഹോദരന്മാര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ കഞ്ചാവും 26,000ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. പേട്ട ആനയറ പമ്ബ് ഹൗസിന് സമീപം ടി.സി 92 / 578 കിളിക്കുന്ന് വീട്ടില്‍ അനന്ദു, വിഷ്‌ണു എന്നിവരുടെ കൈയില്‍ നിന്നുമാണ് പേട്ട പൊലീസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്. പ്ലസ് ടു കഴിഞ്ഞ സഹോദരന്മാര്‍ കഞ്ചാവു സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇതിനെതിരെ നാട്ടുകാര്‍ പലവട്ടം ഇവരെ ഉപദേശിച്ചിട്ടുണ്ട്. മുമ്ബ് കഞ്ചാവ് കൈവശം വച്ചതിന് നാട്ടുകാര്‍ പിടികൂടിയെങ്കിലും വിട്ടിരുന്നു. അടുത്തിടെ ഇരുവരും ചേര്‍ന്ന് കൂടിയ വിലയുള്ള പുതിയ ബൈക്ക് വാങ്ങിയിരുന്നു. കഞ്ചാവ് വില്പനയിലൂടെ പണം ഇവരുടെ കൈയില്‍ എത്തുന്നുണ്ടെന്നറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തി. ഇരുവരോടും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു മുറിക്കകത്ത് കയറി. മുറിയില്‍ കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ചെറിയപ്ലാസ്റ്റിക് കവര്‍ കണ്ടതോടെ മുറിയാകെ പരിശോധിച്ചപ്പോഴാണ് പൊതികളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കട്ടിലിനടിയില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന നിലയിലും കഞ്ചാവ് കിട്ടി.

പൊലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയോടി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവും 26,682 രൂപയും കണ്ടെത്തിയത്. കഞ്ചാവ് വില്പന നടത്തുന്നവര്‍ തമ്മില്‍ സിഗ്നല്‍ കൈമാറുന്ന ലേസര്‍ ലൈറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. കഞ്ചാവ് മൊത്തവിലയ്ക്ക് വാങ്ങി ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പേട്ട എസ് .ഐ സാബു പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top