Monday, 09 Sep, 1.14 am കേരളകൗമുദി

തിരുവനന്തപുരം
മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷന്‍ വഴി ബസ് സര്‍വീസ് പുനരാരംഭിച്ചു ഈ റൂട്ടിലൂടെ വീണ്ടും ബസോടും

മുടപുരം : നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഴൂര്‍ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷന്‍ (പൊടിയന്റെ മുക്ക്) വഴി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു. ചിറയിന്‍കീഴ്, അഴൂര്‍, എം.എഫ്.എ.സി ജംഗ്‌ഷന്‍, മുട്ടപ്പലം, ശാസ്തവട്ടം വഴി തിരുവനന്തപുരം റൂട്ടിലേക്കാണ് സര്‍വീസ് തുടങ്ങിയത്. ചിറയിന്‍കീഴ് നിന്നും ശാര്‍ക്കര, മഞ്ചാടിമൂട് റെയില്‍വേ ഗേറ്റുകള്‍ കടന്നു വരുമ്ബോള്‍ ഉണ്ടാകുന്ന സമയ നഷ്ടവും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ബസ് സര്‍വീസുകള്‍ നിറുത്തലാക്കിയത്. എന്നാല്‍ ഇപ്പോള്‍ രണ്ട് റെയില്‍വേ ഗേറ്റുകളും ഒഴിവാക്കിക്കൊണ്ട് ചിറയിന്‍കീഴ് പുതിയ ബൈപാസ് നിര്‍മ്മിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ ഈ റോഡ് റീടാര്‍ ചെയ്യുകയും ചെയ്തപ്പോള്‍ തടസങ്ങള്‍ എല്ലാം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.എഫ്.എ.സി ജംഗ്ഷനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ അഴൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അനില്‍, മുട്ടപ്പലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാല്‍, വൈസ് പ്രസിഡന്റ് ആര്‍.വിജയന്‍ തമ്ബി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്.കുമാര്‍, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എച്ച്‌.അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുട്ടപ്പലം എം.എഫ്.എ.സി.ജംഗ്‌ഷന്‍ വഴിയുള്ള കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസ് സര്‍വീസ് നിലച്ചിരുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതുവഴി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരം ഉള്ള പത്ര വാര്‍ത്തയും, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ നിവേദനങ്ങളും മൂലമാണ് ഇതുവഴി ബസ് സര്‍വീസ് പുനരാരംഭിച്ചത്. സ്ഥലം എം.എല്‍.എയായ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ ശക്തമായ ഇടപെടലും ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കാരണമായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top