Monday, 14 Jun, 3.14 pm കേരളകൗമുദി

തിരുവനന്തപുരം
നഗരത്തില്‍ താളം തെറ്റി മാലിന്യ സംസ്‌കരണം

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതോടെ തലസ്ഥാന നഗരത്തില്‍ മാലിന്യ സംസ്‌കരണം താളം തെറ്റി. കഴിഞ്ഞ രണ്ട് മാസത്തോളമായി നഗരത്തിലെ വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം തടസപ്പെട്ടിരിക്കുകയാണ്.

വ്യാവസായിക നഗരം അല്ലാത്തതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തില്‍ നിന്നുള്ള ഖരമാലിന്യത്തിന്റെ ഭൂരിഭാഗവും വീടുകളില്‍ നിന്നാണ്. ആകെയുള്ള മാലിന്യത്തിന്റെ പകുതിയില്‍ കൂടുതലും ജൈവമാലിന്യമാണ്. അവശേഷിക്കുന്നതില്‍ കടലാസും കാര്‍ഡ് ബോഡും പോലുള്ള അഴുകിപ്പോകുന്നതോ കത്തിച്ചുകളയാവുന്നതോ ആയവയാണ്. കുപ്പിച്ചില്ലും ലോഹഭാഗങ്ങളും മറ്റുമടങ്ങിയ പുനഃചംക്രമണം (റീസൈക്കിള്‍)​ ചെയ്യാവുന്ന വസ്തുക്കളുണ്ട്. വെട്ടിയിട്ട ചെടികളുടെയും മരങ്ങളുടെയും ഭാഗങ്ങളുണ്ട്. പ്ലാസ്റ്റിക് കൂടുകളും സഞ്ചികളും പ്ലാസ്റ്റിക് കുപ്പികളും മറ്റുമുണ്ട്. ഇതിലൊന്നുംഉള്‍പ്പെടാത്ത റബ്ബര്‍, തടി, തുണി, തുടങ്ങിയ പദാര്‍ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കളുമുണ്ട്.

തമിഴ്നാട്ടിലെ ഒരുകമ്ബനിയാണ് നഗരസഭയിലെ മാലിന്യങ്ങള്‍ ശേഖരിച്ച്‌ കൊണ്ടുപോയിരുന്നത്. എന്നാല്‍,​ മാര്‍ച്ചില്‍ കമ്ബനിയുമായുള്ള കരാര്‍ അവസാനിച്ചു. അത് ഇതുവരെ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്ബനിയുമായുള്ള കരാര്‍ പുതുക്കാനായില്ലെന്നാണ് അധികൃതര്‍ നിരത്തുന്ന ന്യായം. ഇതോടെ അജൈവ മാലിന്യങ്ങള്‍ നഗരത്തിന്റെ പലയിടങ്ങളിലായി കുന്നുകൂടാന്‍ തുടങ്ങി. കാലവ‌ഷം കൂടിയെത്തിയതോടെ മാലിന്യങ്ങള്‍ സാംക്രമിക രോഗ ഭീഷണിയുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

ഉറവിട മാലിന്യ

സംസ്‌കരണവും തഥൈവ

കോര്‍പ്പറേഷന്‍ കൊട്ടിഘോഷിച്ച്‌ ആരംഭിച്ച ഉറവിട മാലിന്യ സംസ്‌കരണവും പാളി. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി 52,000 മാലിന്യപ്പെട്ടികള്‍ നഗരസഭ വിതരണം ചെയ്തെങ്കിലും അവയെന്നും ജനങ്ങള്‍ ഉപയോഗിച്ചില്ല. ഇതോടെ ഇവ തിരിച്ചെടുക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. വിളപ്പില്‍ശാലയിലെ മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെയാണ് വീടുകളില്‍ നഗരസഭ മാലിന്യപ്പെട്ടികള്‍ സ്ഥാപിച്ചത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം കൂടുതല്‍ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇവയില്‍ പകുതിയും ഉപയോഗിക്കാതെ നശിച്ചുപോയി.

പ്ളാസ്റ്റിക് മാലിന്യം

ശേഖരിക്കുന്നില്ല

കഴിഞ്ഞ രണ്ട് മാസമായി നഗരസഭ പ്ളാസ്റ്റിക് മാലിന്യം ഒന്നുംതന്നെ ശേഖരിക്കുന്നില്ല. മാര്‍ച്ചിന് ശേഷം ഇതുവരെ നേരാവണ്ണം മാലിന്യ ശേഖരണം നടന്നിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ ഫലമായി പ്ളാസ്റ്റിക് കുന്നുകൂടുകയും കൊതുകുകള്‍ പെരുകാനും തുടങ്ങി. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രതിദിനം ശരാശരി 21 ടണ്‍ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ആകെ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ 40 ശതമാനവും പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. നഗരപരിധിയിലെ ഓരോ വീടുകളിലും പ്രതിദിനം 1.5 കിലോ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അതായത് പ്രതിമാസം ഉണ്ടാകുന്ന പ്ളാസ്റ്റിക് മാലിന്യം മാത്രം 400 മുതല്‍ 450 ടണ്‍ വരും.

പാളയം മാര്‍ക്കറ്റില്‍ മാത്രം

4,842 ടണ്‍ ഖരമാലിന്യം

പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ മാത്രം 4,842 ടണ്‍ ഖരമാലിന്യമുണ്ടെന്നാണ് കണക്ക്. മാലിന്യം കുന്നുകൂടിയതിനെ തുടര്‍ന്ന് സംസ്കരിക്കുന്നതിനുള്ള ബയോ മൈനിംഗ് ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രണമില്ലാതെ നിരന്തരം ഖരമാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയതിനെ തുടര്‍ന്ന് പാളയം മാര്‍ക്കറ്റിന് പിറകില്‍ മാലിന്യത്തിന്റെ വലിയൊരു കൂമ്ബാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന എം.എസ്.ജി ഇന്‍ഫ്രാ കമ്ബനിയാണ് മാലിന്യം സംസ‌്‌കരിക്കുന്നത്. മാലിന്യങ്ങളെ ആറായി വേര്‍തിരിച്ചാണ് സംസ്‌കരിക്കുന്നത്. കത്തിച്ചു നശിപ്പിക്കാനാക്കുന്നവ (പേപ്പര്‍ ഉല്‍പന്നങ്ങള്‍ അടക്കമുള്ളവ), സിമന്റ് ഫാക്ടറികളില്‍ നിന്നുള്ളവ,​ അസംസ്കൃത മണ്ണ്, കെട്ടിട നിര്‍മ്മാണ മാലിന്യങ്ങള്‍, ഗ്ളാസും കടുപ്പമേറിയതുമായ പ്ളാസ്റ്റിക്കുകള്‍ തുടങ്ങിയവയാണ് സംസ്കരിക്കുന്നത്. ഈ മാലിന്യങ്ങള്‍ എല്ലാം തന്നെ ജലാശയങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ തള്ളാതെ ശാസ്ത്രീയമായിട്ടായിരിക്കും സംസ്കരിക്കുക. സംസ്കരണ സമയത്ത് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ സുഗന്ധ വസ്തുക്കള്‍ സ്‌പ്രേ ചെയ്യുന്നുണ്ട്. എയ്റോബിക് കംപോസ്റ്റ് സംവിധാനത്തിലൂടെയായിരിക്കും ഇവ പിന്നീട് സംസ്കരിക്കുക. അതിനുശേഷം ലോറികളില്‍ കയറ്റി വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top