Monday, 23 Sep, 10.16 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
നാലാം നമ്ബരില്‍ നടക്കുന്നതെന്ത് ?

മൂന്നാം ട്വന്റി-20 യില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും നാലാമനായി ഒരുമിച്ചിറങ്ങിയത് കൗതുകമായി

ബംഗ്ളൂരു : ഇംഗ്ളണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് മുമ്ബ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂടേറിയ വിവാദം നാലാം നമ്ബര്‍ ബാറ്റിംഗ് പൊസിഷനില്‍ ആരെയിറക്കും എന്നതായിരുന്നു. അമ്ബാട്ടി റായ്ഡുവിന്റെ താല്ക്കാലിക വിരമിക്കല്‍ വരെയുളള ആഫ്ടര്‍ ഇഫക്ടുകള്‍ കണ്ട സെലക്ടര്‍മാരുടെ ചാഞ്ചാട്ടത്തില്‍ വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരൊക്കെ നാലാം നമ്ബരില്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍, ലോകകപ്പിന് ശേഷവും നാലാം നമ്ബരിലെ ഭൂതം ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായി മൂന്നാം ട്വന്റി-20യിലെ ഋഷഭ്പന്തിന്റെയും ശ്രേയസ് അയ്യരുടെയും ഡഗ്‌ഔട്ടിലെ ആശയക്കുഴപ്പം.

ബംഗളൂരുവില്‍ നടന്ന മൂന്നാം ട്വന്റി-20യില്‍ ശിഖര്‍ധവാന്റെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഡഗ് ഔട്ടില്‍ നിന്ന് നാലാമനായി ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ എഴുന്നേറ്റത് രണ്ടുപേരായിരുന്നു , ഋഷഭ് പന്തും ശ്രേയസ് അയ്യരും. രണ്ടുപേരും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്ബാണ് പരിശീലകരുടെ ശ്രദ്ധയില്‍പ്പെടുന്നതും ശ്രേയസിനെ തിരിച്ചു വിളിക്കുന്നതും. തുടര്‍ന്ന് ഋഷഭ് നാലാമനായി ബാറ്റിംഗിനിറങ്ങി 19 പന്തുകളില്‍ 19 റണ്‍സെടുക്കുകയും ചെയ്തു.

മത്സര ശേഷം സംഭവത്തെക്കുറിച്ച്‌ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയോട് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. ബാറ്റിംഗ് കോച്ചും കളിക്കാരും തമ്മിലുണ്ടായ ആശയക്കുഴപ്പം കാരണമാണ് രണ്ടുപേരും ഒരുമിച്ചിറങ്ങിയതെന്ന് കൊഹ്‌ലി പറഞ്ഞു. രണ്ടുപേരും കൂടി ഗ്രൗണ്ടിലിറങ്ങിയിരുന്നുവെങ്കില്‍ നല്ല രസമായിരുന്നേനെയെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ആദ്യ പത്തോവറിനുള്ളില്‍ രണ്ടാം വിക്കറ്റ് പോവുകയാണെങ്കില്‍ ശ്രേയസിനെ അയയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പത്തോവറിന് ശേഷമാണെങ്കില്‍ ഋഷഭിനെയും. ഇക്കാര്യം ഇരുവരെയും വ്യക്തമായി അറിയിക്കുന്നതില്‍ ബാറ്റിംഗ് കോച്ചിന് പിഴച്ചു. താനാണ് നാലാമനായി ഇറങ്ങേണ്ടതെന്ന് ഓരോരുത്തരും കരുതി. ശിഖര്‍ ധവാന്‍ പുറത്തായത് എട്ടാം ഓവറിലായിരുന്നു. ടീം മാനേജ്മെന്റിന്റെ പ്ളാനനുസരിച്ച്‌ പോകേണ്ട ശ്രേയസ് ഇറങ്ങിയപ്പോള്‍ കാര്യമറിയാതെ പതിവ് പൊസിഷനില്‍ ഋഷഭും ഇറങ്ങി. പെട്ടെന്നു തന്നെ ശ്രേയസിനെ തിരിച്ചു വിളിച്ച്‌ ബാറ്റിംഗ് കോച്ച്‌ തടിയൂരി.

മോശം പ്രകടനത്തിന്റെ പേരില്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന ഋഷഭ് പന്ത് ആ ടെന്‍ഷനിലാണ് കോച്ച്‌ പറഞ്ഞ് മനസ്സിലാകാതെ ക്രീസിലേക്ക് നടന്നതെന്നും കുസൃതിക്കഥകളുണ്ട്. എന്നാല്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള ഒരവസരം കൂടിയാണ് പന്ത് ബംഗ്ളൂരുവില്‍ പാഴാക്കിയത്. പന്ത് ക്രീസിലേക്ക് എത്തുമ്ബോള്‍ 7.2 ഓവറില്‍ 63/2 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിക്കാന്‍ ഋഷഭ് പന്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ, വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന് കഴിഞ്ഞേനെ. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കൂറ്റന്‍ ഷോട്ടുകള്‍ക്ക് പന്ത് മുതിര്‍ന്നില്ല. താളത്തിലേക്ക് എത്താന്‍ ക്ഷമയോടെ ക്രീസില്‍ നിന്നു. എന്നാല്‍, ഷോട്ടുകളിക്കാന്‍ തുടങ്ങിയതോടെ അടിതെറ്റി വീണു. 20 പന്തുകള്‍ നേരിട്ട ഋഷഭ് ഓരോ ഫോറും സിക്സുമടിച്ചശേഷം ലോംഗ് ഓഫിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിക്കവേ ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും പ്ളേയിംഗ് ഇലവനിലെത്താന്‍ സാധ്യതയില്ല. പരിക്ക് മാറിയെത്തിയിട്ടും വിന്‍ഡീസ് പര്യടനത്തില്‍ പന്തിനെ പരീക്ഷിക്കാന്‍ അവസരം നല്‍കി പുറത്തിരുന്ന വൃദ്ധിമാന്‍ സാഹയാകും ടെസ്റ്റില്‍ കീപ്പിംഗ് ഗ്ളൗസണിയുക.

അതേസമയം, ഋഷഭ് പന്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നാലാം നമ്ബര്‍ പൊസിഷനില്‍ നിന്ന് അഞ്ചാം നമ്ബരിലേക്ക് മാറ്റി പരീക്ഷിക്കണമെന്ന് മുന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

''ഋഷഭിന്റെ ശൈലി അക്രോമോത്സുക ബാറ്റിംഗിന്റേതാണ്. അങ്ങനെയുള്ള കളിക്കാരനെ നാലാം നമ്ബരില്‍ ഇറക്കുന്നത് നീതികേടാണ്. ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനായി അഞ്ചാമനോ ആറാമനോ ആയി ഇറക്കുകയാണ് നല്ലത്. നാലാം നമ്ബരില്‍ ശ്രേയസോ ഹാര്‍ദിക് പാണ്ഡ്യയോ ആണ് നല്ല ഓപ്ഷന്‍."

-വി.വി.എസ്. ലക്ഷ്മണ്‍.

ലോകകപ്പിനായി റിസ്കെടുത്ത് കൊഹ്‌ലി

ബംഗ്ളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ ആറ് ട്വന്റി-20 മത്സരങ്ങളിലും ടോസ് നേടിയ ടീം ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ടോസ് ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി നിര്‍ഭയം വ്യക്തമാക്കി- ഞങ്ങള്‍ ബാറ്റിംഗിനിറങ്ങുന്നു.

ചിന്നസ്വാമിയിലെ പിച്ചില്‍ ആദ്യ ബാറ്റിംഗ് ദുഷ്കരമാണെന്നത് മനസ്സിലാക്കിത്തന്നെയാണ് ആ തീരുമാനമെടുത്തതെന്ന് കൊഹ്‌ലി പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മനസ്സില്‍ കണ്ടായിരുന്നു ആ തീരുമാനം. പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ട് പരിചയമുണ്ടാക്കുക എന്നതായിരുന്നു ചിന്നസ്വാമിയിലെ ആദ്യ ബാറ്റിംഗ് തീരുമാനത്തിന് പിന്നില്‍. അതുകൊണ്ടുതന്നെ മത്സരത്തില്‍ തോറ്റെങ്കിലും തന്റെ തീരുമാനം തെറ്റിയതായി തോന്നുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

''റിസ്കെടുത്തെങ്കിലേ ക്രിക്കറ്റില്‍ വിജയിക്കാന്‍ കഴിയൂ. പ്രതികൂല സാഹചര്യങ്ങളോട് പൊരുതണമെങ്കില്‍ അതിനുള്ള പരിചയം വേണം. എപ്പോഴും സുരക്ഷിതമായ രീതിയില്‍ കളിച്ചാല്‍ പ്രതികൂല സാഹചര്യങ്ങള്‍ വരുമ്ബോള്‍ പകച്ചുപോകും. അതൊഴിവാക്കാനുള്ള ശ്രമമാണ് ബംഗ്ളൂരുവില്‍ നടത്തിയത്. ട്വന്റി-20 ലോകകപ്പിനു മുമ്ബ് വ്യത്യസ്തമായ ബാറ്റിംഗ് കോമ്ബിനേഷനുകള്‍ പരീക്ഷിക്കേണ്ടതുണ്ട്. ഒമ്ബതാം നമ്ബര്‍ പൊസിഷനില്‍ വരെ ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരെ ഇറക്കാന്‍ കഴിയും. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പരീക്ഷണങ്ങള്‍ നടത്തേണ്ടത്?"

-വിരാട് കൊഹ്‌ലി

കൊഹ്‌ലിക്ക് താക്കീത്

മൂന്നാം ട്വന്റി -20 മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ ശരീരത്തില്‍ തട്ടിയതിന് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയെ ഐ.സി.സി താക്കീത് ചെയ്തു. ഇന്ത്യന്‍ ഇന്നിംഗ്സിലെ അഞ്ചാം ഓവറിനിടെ റണ്ണെടുക്കാന്‍ ഓടുന്നതിനിടെയായിരുന്നു സംഭവം. കൊഹ്‌ലിക്ക് ഒരു ഡി മെരിറ്റ് പോയിന്റും ഐ.സി.സി നല്‍കിയിട്ടുണ്ട്. 2016ല്‍ പുതിയ നിയമം വന്നശേഷം കൊഹ്‌ലിക്ക് ഇതേവരെ മൂന്ന് ഡി മെരിറ്റ് പോയിന്റുകളായി.

ധോണിക്കൊപ്പം രോഹിത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ധോണിയുടെ റെക്കാഡിനൊപ്പം രോഹിത് ശര്‍മ്മയുമെത്തി. 98 ട്വന്റി-20 കളാണ് ഇരുവരും കളിച്ചിരിക്കുന്നത്. 78 ട്വന്റി -20കള്‍ കളിച്ച സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top