Wednesday, 05 Aug, 10.13 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
നായയുടെ പിടിയില്‍ നിന്ന് അനുജത്തിയെ രക്ഷിച്ച അമേരിക്കന്‍ ബാലന്റെ രക്ഷാബന്ധന്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്: കൈയില്‍ രാഖി കെട്ടി സഹോദരി

വാഷിംഗ്ടണ്‍: സ്വന്തം ജീവന്‍ തൃണവത്ഗണിച്ചുകൊണ്ട് പടുകൂറ്റന്‍ നായയുടെ ആക്രമണത്തില്‍നിന്ന് സഹോദരിയെ രക്ഷിച്ച ധീരനായ അമേരിക്കന്‍ ബാലന്‍ ബ്രിഡ്ജ് വാക്കര്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ സ്റ്റാറായി. സഹോദരിയോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കുന്ന ചിത്രം ഒരു ബന്ധു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഈ ആറുവയസുകാരന്‍ വീണ്ടും സ്റ്റാറായത്. ആയിരങ്ങളാണ് മണിക്കൂറുകള്‍ക്കുളളില്‍ ചിത്രം കണ്ടത്. സഹോദര സ്നേഹത്തിന്റെ ഉദാത്ത മാതൃക എന്നാണ് ഒട്ടുമിക്കവരും ചിത്രത്തെ വിശേഷിപ്പിച്ചത്. ലോകം മുഴുവന്‍ മാതൃകയാക്കേണ്ട വ്യക്തി എന്ന ബഹുമതിയും ചിലര്‍ ചാര്‍ത്തി നല്‍കി.

ജൂലായ് 9നായിരുന്നു പാഞ്ഞടുത്ത നായയുടെ വായില്‍ നിന്ന് സ്വന്തം സഹോദരിയെ ബ്രിഡ്ജ് വാക്കര്‍ രക്ഷപ്പെടുത്തിയത്. നാലുവയസുകാരിയായ സഹോദരിക്കൊപ്പം വീടിനുമുന്നിലെ തെരുവില്‍ വെറുതേ നടക്കുകയായിരുന്നു ബ്രിഡ്ജ് വാക്കര്‍. പെട്ടന്നാണ് അത് സംഭവിച്ചത്. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട‌ ഒരു നായ സഹോദരിയുടെ നേരേ പാഞ്ഞടുക്കുന്നു. അടുത്ത നിമിഷം നായ സഹോദരിയെ കടിച്ചുകുടയും. ആരും അന്തിച്ചുപാേകുന്ന നിമിഷം. എന്നാല്‍, മറ്റൊന്നുമാലാേചിക്കാതെ ബ്രിഡ്ജ് വാക്കര്‍ സഹോദരിയുടെയും നായയുടെയും ഇടയിലേക്ക് എടുത്തുചാടി.പെണ്‍കുട്ടിയെ ആക്രമിക്കാന്‍ കിട്ടാത്തതിന്റെ ദേഷ്യം മുഴുവന്‍ നായ തീര്‍ത്തത് അവന്റെ മേലായിരുന്നു. ദേഹമാസകലം കടിച്ചുകീറി. അവന്റെ കുഞ്ഞുമുഖത്തുമാത്രം തൊണ്ണൂറ് തുന്നലുകളാണ് ഉണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയവരാണ് ബ്രിഡ്ജ് വാക്കറെ രക്ഷപ്പെടുത്തിയത്. ഞങ്ങളില്‍ ആരെങ്കിലും മരിക്കുകയാണെങ്കില്‍ അത് ഞാനായിരിക്കണമെന്ന് മാത്രം കരുതിയാണ് നായയുടെ മുന്നിലേക്ക് ചാടിയതെന്നാണ് ബ്രിഡ്ജ് പിന്നീട് പറഞ്ഞത്.

ഈ സംഭവം പുറത്തറിഞ്ഞതോടെ ലോകം മുഴുവന്‍ അവന്റെ ധീരതയെ വാഴ്ത്തിപ്പാടി. പ്രമുഖവ്യക്തികള്‍ ഉള്‍പ്പടെയുളളവര്‍ കുഞ്ഞ് ബ്രിഡ്ജിനെ ആശംസകള്‍കൊണ്ട് മൂടുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top