തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ വേഗത്തില്‍ കുറ്റപത്രം നല്‍കാൻ പൊലീസ്.
പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാതിരിക്കാൻ, കേസുമായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രത്യേക സംഘവും (എസ്.ഐ.ടി) രൂപീകരിച്ചു. മുന്നൂറോളം പേരെ പ്രതിയാക്കിയുള്ള വധശ്രമക്കേസ് അപൂർവമാണ്.
26 പ്രതികളെ വിവിധ ജില്ലകളില്‍ നിന്ന് വിവിധ സ്റ്റേഷനിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരടക്കം ചേർന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനല്ല അറസ്റ്റ് ചെയ്തതെന്നും അന്വേഷണത്തിന് അധികാരമില്ലാത്തവരാണ് പിടികൂടിയതെന്നും കോടതിയില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടിയാല്‍ അറസ്റ്റ് നിയമവിരുദ്ധമാവാനിടയുണ്ട്. ഈ പഴുത് അടയ്ക്കാനാണ് വലിയസംഘത്തെ തന്നെ ഉള്‍പ്പെടുത്തുന്നത്.
പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് 'കേരളകൗമുദി'യോട് പറഞ്ഞു.
കന്റോണ്‍മെന്റ് അസി.കമ്മിഷണർ വി.ജയചന്ദ്രന്റെ മേല്‍നോട്ടത്തിലും മ്യൂസിയം എസ്.എച്ച്.ഒ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുമാണ് പ്രത്യേകസംഘം. എസ്.എച്ച്.ഒമാരായ എസ്.ശ്രീകുമാർ (കന്റോണ്‍മെന്റ്), ജി.വിഷ്ണു (പൂജപ്പുര), വിനോദ് കൃഷ്ണൻ (പേരൂർക്കട), എ.സി.വിപിൻ (വട്ടിയൂർക്കാവ്), ബി.വിനോദ് കുമാർ (തമ്പാനൂർ), എസ്.ഐമാരായ അഭിജിത്ത് (വട്ടിയൂർക്കാവ്), സായ് സേനൻ, എസ്.മധു, രാജേഷ് (മ്യൂസിയം), ദീപു പിള്ള (കന്റോണ്‍മെന്റ്), വി.വിനോദ് (സി ബ്രാഞ്ച്), ആർ.സേവ്യർ, എസ്.അനില്‍കുമാർ (സി.സി.പി എച്ച്.ക്യു), ഗ്രേഡ് എസ്.ഐമാരായ ജയകുമാർ, പദ്മകുമാർ, ഗോപകുമാർ, ബി.വിനോദ്, ടി.എസ്.അരുണ്‍ (സി ബ്രാഞ്ച്), അജിത് കുമാർ, സുജീഷ് കുമാർ, (കന്റോണ്‍മെന്റ്), ഗ്രേഡ് എസ്.സി.പി.ഒമാരായ പ്രവീണ്‍ (സി ബ്രാഞ്ച്), ബിനില്‍രാജ്, ഡിക്സണ്‍, പ്രവീണ്‍, അരുണ്‍, ഷീല (മ്യൂസിയം), സീനിയർ സി.പി.ഒ സുരേഷ് (മ്യൂസിയം), സി.പി.ഒമാരായ ശരത് കൃഷ്ണ (കന്റോണ്‍മെന്റ്), എസ്.എസ്.ശ്രീജിത്ത് (സൈബർ സെല്‍) എന്നിവരാണ് പ്രത്യേക സംഘത്തില്‍.
കേസിന്റെ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് കന്റോണ്‍മെന്റ് അസി.കമ്മിഷണർ ഉറപ്പാക്കണമെന്ന് കമ്മിഷണർ മേയ് 30ന് ഇറക്കിയ ഉത്തരവിലുണ്ട്. വധശ്രമം, കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം കുറ്റങ്ങളാണ് ചുമത്തിയത്. അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

