Thursday, 29 Jul, 12.47 am കേരളകൗമുദി

ഒപ്പീനിയന്‍
ഒ.എന്‍.വിയില്‍ ആത്മമുരളീരവം

കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം- എന്ന് എഴുത്തച്ഛന്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമപട്ടാഭിഷേകം മുടക്കി ഭരതനെ വാഴിക്കാനുള്ള മന്ഥരയുടെ കുതന്ത്രത്തില്‍ വീണുപോയ കൈകേയിയെ മുന്‍നിറുത്തിയാണ് എഴുത്തച്ഛന്‍ ഇങ്ങനെ പറയുന്നത്.

ദുര്‍ജ്ജനസംസര്‍ഗമേറ്റമകലവേ

വര്‍ജ്ജിക്കവേണം,​ പ്രയത്നേന സല്‍പുമാന്‍

കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.- ചെളി,​ കരി എന്നൊക്കെ അര്‍ത്ഥമുള്ള കജ്ജളമായിട്ടാണ് മന്ഥരയെ ഇവിടെ കല്പിക്കുന്നത്. ഇതിനൊരു മറുവശം കൂടിയുണ്ട്. ശ്രീരാമനായാലും ഭരണാധികാരിയായാല്‍ സുഖങ്ങളില്‍ മുഴുകിപ്പോകും. മനുഷ്യനായാലും ദേവനായാലും അപ്പോള്‍ ലക്ഷ്യം മറന്നുപോകാം. അതിനാല്‍ സരസ്വതീദേവിയെക്കൊണ്ട് ദേവന്മാര്‍ ചെയ്യിക്കുന്ന പണിയാണ് മന്ഥരയുടെ നാവിലൂടെ ഏഷണിയായി പുറത്തുവന്നത്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?​ മന്ഥരയോ​ കൈകേയിയോ രാമനോ ഭരതനോ സരസ്വതിയോ ദേവന്മാരോ ?​ ഇവരെല്ലാം ചേര്‍ന്നുനില്ക്കുന്ന അധികാരം. ഏതു നിമിഷവും കജ്ജളം പുരളാവുന്ന ഈ അധികാരത്തിന്റെ വിവിധ വര്‍ണങ്ങളാണ് 'എന്റെ ഒ.എന്‍.വി' എന്ന പുസ്തകത്തില്‍ പിരപ്പന്‍കോട് മുരളി ചെങ്കൊടി അണിയിച്ച്‌ ആവിഷ്കരിക്കുന്നത്. അറിവുകള്‍,​ അനുഭവങ്ങള്‍,​ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം 'മഹാകവി ഒ.എന്‍.വിയുടെ ജീവചരിത്രമല്ല. എന്റെ കേവലമായ ഓര്‍മ്മപ്പെടുത്തലുകളുമല്ല. എന്നാല്‍ ഇത് രണ്ടും അതിലുണ്ടുതാനും. ഒരര്‍ത്ഥത്തില്‍ ഇത് കവിയുടെ രാഷ്ട്രീയ സാംസ്കാരിക ജീവചരിത്രമാണ്.'- എന്നാണ് ഗ്രന്ഥകാരന്‍ മുഖവുരയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നാടകകൃത്തും കവിയുമായ പിരപ്പന്‍കോട് മുരളി വളരെ സൗമ്യനായ രാഷ്ട്രീയനേതാവാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒ.എന്‍.വിയുടെ വത്സലശിഷ്യനായ അദ്ദേഹം മുല്ലപ്പടര്‍പ്പില്‍നിന്ന് പൂക്കള്‍ നുള്ളിയെടുത്ത് മാലകോര്‍ക്കും പോലെയാണ് കവിയുടെ സഞ്ചാരപഥങ്ങളെ രേഖപ്പെടുത്തുന്നത്. അത്രയും മൃദുവായി,​ ഇഴ പിന്നിപ്പോകാതെ...

പ്രകാശിതമായപ്പോള്‍ത്തന്നെ രാഷ്ടീയവിവാദമായ സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകനായ സി.പി.ശ്രീഹര്‍ഷന്റെ പക്കല്‍നിന്ന് പുസ്തകം കടംവാങ്ങി വായിച്ചത്. സി.പി.എം ജില്ലാ നേതൃത്വത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും ഒ.എന്‍.വിയെ അകറ്റിനിറുത്തി സാഹിത്യക്കസേരകള്‍ സ്വന്തമാക്കാന്‍ ചിലര്‍ നടത്തിയ ചരടുവലികളുമാണ് വിവാദത്തിന് തിരികൊളുത്തിയത്. പലതും മറച്ചും ചിലതെല്ലാം തെളിച്ചുമാണ് പറയുന്നത്. രാഷ്ട്രീയ നടപടികള്‍ക്ക് വെടിമരുന്ന് കിട്ടാത്ത വിധമാണ് വി.എസിനോടുള്ള ഒ.എന്‍.വിയുടെ പക്ഷപാതവും അനാവരണം ചെയ്യുന്നത്. വളരെ കരുതലോടെ എഴുതിയ ഈ പുസ്തകത്തോട് പലനിലയില്‍ വിയോജിക്കാനാവും. അതിന് ഏതെങ്കിലും പക്ഷക്കാരനായിരിക്കണമെന്നില്ല. പക്ഷേ,​ അതിനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്. ഒ.എന്‍.വിയുമായി ബന്ധപ്പെട്ട് ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സാഹിത്യപ്രേമികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വിലപ്പെട്ട അനുഭവങ്ങളാണ്. പിരപ്പന്‍കോട് മുരളി ഈ ഉദ്യമം നിര്‍വഹിച്ചില്ലായിരുന്നെങ്കില്‍ ഒ.എന്‍.വിയുടെ സാംസ്കാരികജീവിതത്തിന്റെ വലിയൊരേട് നമ്മള്‍ കാണാതെ പോകുമായിരുന്നു. അതില്‍ ഒരു സന്ദര്‍ഭം പറയാം.

ചാരക്കേസില്‍ കെ.കരുണാകരനെ താഴെയിറക്കി എ.കെ.ആന്റണിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ തിരഞ്ഞെടുത്തത് മുസ്ലീം ലീഗിന്റെ സുരക്ഷിതമണ്ഡലമായ മലപ്പുറം തിരൂരങ്ങാടിയാണ്. സി.പി.ഐയ്ക്ക് സ്ഥിരമായി തോല്‍ക്കാന്‍ അവകാശപ്പെട്ട അവിടെ 1995 മേയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സര്‍വസമ്മതനായ എന്‍.എ.കരീമിനെയാണ് ആന്റണിയ്ക്കെതിരെ ഇടതുപക്ഷം സ്വതന്ത്രനായി മത്സരിപ്പിച്ചത്. ആരും ആവശ്യപ്പെടാതെതന്ന ഒ.എന്‍.വി പിരപ്പന്‍കോട് മുരളിയോട് ചോദിച്ചു: "നമുക്ക് നമ്മുടെ കരീം സാര്‍ മത്സരിക്കുന്ന തിരൂരങ്ങാടിയില്‍ പോയി നാലഞ്ചു പ്രസംഗം നടത്തേണ്ടെ." ചോദിക്കേണ്ട താമസം അങ്ങോട്ടുള്ള ടിക്കറ്റ് റെഡിയായി. ഇരുവരും തിരൂരങ്ങാടിയിലെത്തി. ഒരാഴ്ചത്തെ പര്യടനം കഴിഞ്ഞ് രാത്രി 11.30നുള്ള ട്രെയിനില്‍ മടങ്ങാനായിരുന്നു പദ്ധതി. 10 ണിയോടെ കമ്മിറ്റി ഓഫീസിലെത്തി മടക്കടിക്കറ്റ് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ചുതലയുള്ള സഖാവ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "നിങ്ങള്‍ ബേജാറാവാണ്ടിരിക്കിന്‍. ഇമ്മള് ടിക്കറ്റ് എടുത്തിട്ടില്ല. ഇമ്മടെ രണ്ടു നേതാക്കള്‍ കെ.ഇ. ഇസ്മയിലും കൃഷ്ണന്‍ കണിയാംപറമ്ബിലും,​ ഓര് എം.എല്‍.എമാരാണ്. ഓര് ങ്ങളെ കൂടെ തിരുവന്തോരത്ത് കൂട്ടിക്കൊണ്ടുപോകും". ഒ.എന്‍.വിക്ക് പിറ്റേന്ന് രാവിലെ 10 മണിക്ക് കേരള യൂണിവേഴ്സിറ്റിയില്‍ ഒരു പ്രഭാഷണമുണ്ട്. കമ്ബാനിയന്മാരെ കൂട്ടാന്‍ എം.പി മാര്‍ക്കേ കഴിയൂ. പിരപ്പന്‍കോടിന്റെ പ്രതികരണം കേട്ട് സഖാവ് വീണ്ടും മൊഴിഞ്ഞു: "ഇങ്ങള്‍ക്ക് ട്രെയിന്‍ യാത്രയെക്കുറിച്ച്‌ അറിയാത്തതു കൊണ്ടാണപ്പാ".

മറ്റൊരിടത്ത് ഇരിക്കുകയായിരുന്ന ഒ.എന്‍.വി വിവരം അറിഞ്ഞപ്പോള്‍ പറഞ്ഞു: നമുക്ക് പോകാം. ഇനി അവരോട് ടിക്കറ്റെടുത്ത് തരാനൊന്നും പറയേണ്ട. ഇരുവരും പെട്ടിയും തൂക്കി സ്റ്റേഷനിലെത്തി. തിങ്ങിനിറഞ്ഞു വന്ന ട്രെയിനിന്റെ ലോക്കല്‍ കമ്ബാര്‍ട്ടുമെന്റില്‍ സ്റ്റേഷന്‍ മാസ്റ്ററുടെയും മറ്റും സഹായത്താല്‍ കയറിപ്പറ്റിയ ഇരുവരെയും തിരിച്ചറിഞ്ഞ യാത്രക്കാരായ ചെറുപ്പക്കാര്‍ ഒ.എന്‍.വിക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. തമ്ബാനൂര്‍ എത്തിയപ്പോള്‍ പിരപ്പന്‍കോട് മുരളി വിളിച്ചുണര്‍ത്തി. ഒ.എന്‍.വി ചിരിച്ചുകൊണ്ട് പിരപ്പന്‍കോടിനോട് പറഞ്ഞു: ഇത് നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.

2006 ലെ തിരഞ്ഞെടുപ്പില്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥി പ്രശ്നങ്ങളില്‍ ഏറെ ഉത്‌കണ്ഠയും മനക്ഷോഭവും ഒ.എന്‍.വിക്ക് ഉണ്ടായിരുന്നതായും പിരപ്പന്‍കോട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ഉടനേ മലമ്ബുഴ പോകണമെന്നും ഒ.എന്‍.വി പിരപ്പന്‍കോടിനെ അറിയിച്ചു. തിരഞ്ഞടുപ്പു യോഗങ്ങളുടെ ഉദ്ഘാടനത്തിനു തന്നെ അവിടെ എത്തുകയും ചെയ്തു."ഒരു നാട്ടുരാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ആയുധമേന്തിയ ഐതിഹാസികമായ പുന്നപ്ര - വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വി.എസ് പാര്‍ലമെന്ററി ജനാധിപത്യഭരണത്തിനും നേതൃത്വമേകാന്‍ നമുക്കൊരുമിച്ച്‌ പ്രവര്‍ത്തിക്കാം. ജനസമരത്തിന്റെ അഗ്നിവീഥികളിലൂടെ നടന്നുകയറിയ വി.എസിനെ നമുക്കാദരിക്കാം..." എന്നിങ്ങനെയായിരുന്നു ഒ.എന്‍.വിയുടെ പ്രസംഗം.

തന്നിലൂടെ ഒ.എന്‍.വിയിലേക്കും ഒ.എന്‍.വിയിലൂടെ തന്നിലേക്കും മാറിയും തിരിഞ്ഞും സഞ്ചരിക്കുന്ന ഈ സാംസ്കാരിക ജീവചരിത്രത്തിലെ മറ്റൊരു പ്രധാന ഏട് പിരപ്പന്‍കോട് മുരളി എന്ന നാടകകൃത്തിനെ രൂപപ്പെടുത്തുന്നതിലും ജനസമക്ഷം എത്തിക്കുന്നതിലും ഒ.എന്‍.വി വഹിച്ച പങ്കിനെക്കുറിച്ചാണ്. സി.പി.എം ജില്ലാനേതൃത്വത്തില്‍ നിന്ന് കടുത്ത അവഹേളനം നേരിട്ടിരുന്ന ഘട്ടത്തിലാണ് സ്വാതിതിരുനാളിനെക്കുറിച്ച്‌ നാടകമെഴുതാന്‍ പിരപ്പന്‍കോട് തീരുമാനിച്ചത്. ആ വിവരം ആദ്യം പറഞ്ഞത് ഒ.എന്‍.വിയോടാണ്. യൂണിവേഴ്സിറ്റി ലൈബ്രറേറിയനായ വേലപ്പന്‍നായരെ അദ്ദേഹം പരിചയപ്പെടുത്തി. ആ സന്ദര്‍ഭത്തെക്കുറിച്ച്‌ പിരപ്പന്‍കോട് രേഖപ്പെടുത്തിയത് വായിക്കാം: 'എന്റെ മനസാകെ അസ്വസ്ഥമായിരുന്നു. നാം ഉടല്‍പ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്നവര്‍ പോലും,​ അധികാരമുള്ളവരുടെ പ്രീതിക്കുവേണ്ടി നമ്മെ തള്ളിപ്പറയുന്നതും മുറുകെപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ പോലും നിസാരമായ ചില സ്ഥാനങ്ങള്‍ നേടാന്‍ തള്ളിപ്പറയുന്നതും എല്ലാം നേരിട്ടനുഭവിച്ചു മുറിവേറ്റ മനസുമായി വേലപ്പന്‍നായരുടെ ശിക്ഷണത്തില്‍ ലൈബ്രറിയില്‍നിന്നു കിട്ടിയ പുസ്തകങ്ങളും ആര്‍ക്കെവ്സില്‍ നിന്നു കിട്ടിയ തിരുവിതാംകൂര്‍ ചരിത്രരേഖകളും വായിച്ചുപഠിച്ച്‌ നോട്ടുകള്‍ തയ്യാറാക്കി. ഇനി എഴുതാതെ വയ്യ എന്ന ഒരവസ്ഥയില്‍ എത്തിയപ്പോള്‍ എഴുതാനിരുന്നു.'

നാടകം പൂര്‍ത്തിയായപ്പോള്‍ ആദ്യം വായിച്ചത് നാടകസംവിധായകന്‍ പി.കെ. വേണുക്കുട്ടന്‍നായരാണ്. മുരളിയെപ്പോലെ ഒരാളുടെ പേരില്‍ ഇത്തരം ഒരു നാടകം പുറത്തുവരുന്നത് രാഷ്ട്രീയഭാവിയെ തകര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഒന്നാന്തരം നാടകമാണ്. പക്ഷേ,​ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താകും. എന്നുകൂടി കേട്ട് തളര്‍ന്നുപോയ നാടകകൃത്തിനെ ആ പ്രതിസന്ധിയില്‍നിന്നു കരകയറ്റിയതും ഒ.എന്‍.വിതന്നെ. പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെയും സംഗീതചക്രവര്‍ത്തി ദേവരാജന്റെയും മാത്രമല്ല വി.എസിന്റെയും ടി.കെ. രാമകൃഷ്ണന്റെയും ഉള്‍പ്പെടെ അനുഗ്രഹത്തോടെയാണ് സ്വാതിതിരുനാള്‍ അരങ്ങിലെത്തിയത്. സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന്റെ സുതാര്യതയും മഹത്വവും നിശ്ചയദാര്‍ഢ്യവും അനാവരണംചെയ്യുന്ന ചില സന്ദര്‍ഭങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം വായിക്കുമ്ബോള്‍ അല്പബുദ്ധികളായ ചിലര്‍ക്ക് ചൊറിച്ചിലുണ്ടാകാതിരിക്കില്ല. ഒരു നല്ല പുസ്തകം പിറവികൊള്ളുമ്ബോള്‍ അങ്ങനെ ചിലതുകൂടി സംഭവിക്കും.

ഒരു കാര്യംകൂടി ഓര്‍മ്മിക്കാം. അനീതിക്ക് കൂട്ടുനില്ക്കുവരും അവസരവാദികളും കവികളല്ല. കാരുണ്യത്തിന്റെ വഴി സത്യത്തിലേക്കുള്ള രാജപാതയാണെന്നറിയുന്നവരാണ് ലോകത്തെവിടെയും മഹാകവികളായി വാഴ്ത്തപ്പെട്ടിട്ടുള്ളത്. കവികളുടെ കാര്യത്തില്‍ മാത്രമല്ല, കവിത തുളുമ്ബുന്ന കഥകളും നോവലുകളും നാടകങ്ങളും നിരൂപണങ്ങളും എഴുതുന്നവരും ഈ ഗണത്തില്‍ വരും. അധികാരത്തോട് ചേര്‍ന്നുനില്ക്കുകയാണെങ്കിലും അതിന്റെ സുഖങ്ങള്‍ നേടാന്‍ വേണ്ടി മാത്രം അനീതിക്കു കൂട്ടുനില്ക്കുകയും അവസരവാദികളാവുകയും ചെയ്യാന്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ക്ക് കഴിയില്ല. ഈ തിരിച്ചറിവിന്റെകൂടി മുന്‍വിധിയോടെയാണ് പിരപ്പന്‍കോട് മുരളിയുടെ 'എന്റെ ഒ.എന്‍.വി' എന്ന പുസ്തകം വായിച്ചത്. വായനക്കാരനെ നവീകരിക്കാനോ തിരുത്താനോ ഉതകുന്നതാവണം സാഹിത്യസൃഷ്ടികള്‍ എന്ന് കരുതുന്നവരുടെ പക്ഷത്ത് കാലിടറാതെ നില്‍ക്കാനാഗ്രഹിക്കുന്ന പിരപ്പന്‍കോട് മുരളിക്ക് ഈ പുസ്തകം അതിനുള്ള ഉത്തരീയമാകട്ടെ എന്ന് ആശംസിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top