Wednesday, 19 Jun, 1.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഓം ബിര്‍ള ലോക്‌സഭാ സ്‌പീക്കറാവും, പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള (56) ലോക്‌സഭയുടെ പുതിയ സ്‌പീക്കറാവും. ഭരണമുന്നണിയായ എന്‍.ഡി.എ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്‌തു.

ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നില്ല.

എന്‍.ഡി.എയുടെ ഘടകകക്ഷികള്‍ അല്ലാത്ത വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും ഉള്‍പ്പെടെ പത്ത് കക്ഷികള്‍ ഓം ബിര്‍ളയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഇന്നലെ കോണ്‍ഗ്രസിന്റെ പിന്തുണയും തേടിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന ഉപാധിയോടെ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നേരത്തേ വൈ. എസ്. ആര്‍ കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്‌തിരുന്നതായും സൂചനയുണ്ട്.

രാജസ്ഥാനിലെ കോട്ടാ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയാണ് ഓം ബിര്‍ള എം.പിയാകുന്നത്. രാജസ്ഥാനിലെ ബി.ജെ.പിയുടെ പ്രമുഖ വൈശ്യ നേതാവാണ് അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 2,79,677 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്പിച്ചത്. 2003 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു.

സാധാരണ സീനിയര്‍ അംഗങ്ങളെയാണ് രാഷ്‌ട്രീയ കക്ഷികള്‍ സ്‌പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കാറുള്ളത്. എങ്കിലും മുന്‍പ് തെലുങ്ക് ദേശത്തിന്റെ ജി.എം.സി. ബാലയോഗി ലോക്‌സഭയിലെ തന്റെ രണ്ടാം ടേമില്‍ സ്പീക്കറായി. അദ്ദേഹം ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞപ്പോള്‍ സ്പീക്കറായ ശിവസേനയുടെ മനോഹര്‍ ജോഷി സഭയിലെ കന്നി അംഗമായിരുന്നു . സ്ഥാനമൊഴിയുന്ന സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ തന്റെ എട്ടാമത്തെ ടേമിലാണ് ആ പദവി വഹിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top