Monday, 21 Oct, 11.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഒരേസമയം രണ്ട് ന്യൂനമര്‍ദ്ദം ഇന്ന് മഴ കലിതുള്ളും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ തമിഴ്നാട് തീരത്തുമായി രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും. തീരക്കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച വരെ മീന്‍പിടിക്കാനിറങ്ങരുത്. മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

ഇന്നലെ എറണാകുളത്ത് 80 മില്ലിമീറ്റര്‍, തിരുവനന്തപുരത്ത് 32 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡ്, ട്രെയിന്‍ ഗതാഗതം ചിലയിടങ്ങളില്‍ സ്തംഭിച്ചു. വൈദ്യുതി ബന്ധവും താറുമാറായി.

ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വടക്ക്, വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങും. ഇതിന്റെ ഫലമായി ശക്തമായ മഴയ്ക്കൊപ്പം കാറ്രുമുണ്ടാകും. ന്യൂനമര്‍ദ്ദം കടല്‍ പരപ്പിന് ഒന്നര മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ ഉയരത്തിലേക്ക് നീങ്ങി 24നകം അറേബ്യന്‍ തീരത്തേക്ക് പോകും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുധനാഴ്ച തീരത്തോട് അടുക്കുന്നതോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് സൂചന.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top