Thursday, 18 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
പദ്ധതികള്‍ പലവിധം; എന്നിട്ടും എങ്ങുമെത്താതെ റോഡ് നിര്‍മ്മാണം

നേമം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവന ചെയ്ത സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കരമന-കാട്ടാക്കട-വെളളറട റോഡ്. എന്നാല്‍ സ്വപ്നപദ്ധതി ഇപ്പോള്‍ വാഗ്ദ്ധാനങ്ങളില്‍ ഒതുങ്ങി. ദേശീയപാതയിലെ വാഹനത്തിരക്ക് കുറയ്ക്കാനും വെളളറട മേഖലയിലെ ജനതയ്ക്ക് വളരെ വേഗം തലസ്ഥാന നഗരിയുമായി ബന്ധപ്പെടുന്നതിനും വേണ്ടി വിഭാവന ചെയ്ത റോഡാണിത്. 275 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് നിരവധി തവണ റോഡ് അളന്ന് തിട്ടപ്പെടുത്തുകയും തുടക്കത്തില്‍ 150 കോടി രൂപ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. ശക്തന്‍നാടാര്‍ സ്പീക്കറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ വന്ന പദ്ധതിയാണിത്.വെള്ളറടയില്‍ നിന്ന് കരമനയില്‍ സമാപിക്കുന്ന റോഡിന്റെ പൂജപ്പുര-തിരുമല-പേയാട്-മലയിന്‍കീഴ്-കാട്ടാക്കട-ഒറ്റശേഖരമംഗലം-വെളളറട എന്നീ ജംഗ്ഷനുകള്‍ ഹൈട്ടക്ക് പട്ടണമായി വികസിപ്പിക്കാന്‍ ആവശ്യമായ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതി വിഭാവന ചെയ്തിരുന്നു. എന്നാലിപ്പോള്‍ റോഡിന്റെ വീതി 13 മീറ്ററായി ചുരുങ്ങി എന്നതാണ് പൊതുജന ആക്ഷേപം.

സര്‍വേകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും റോഡില്‍ കുഴികള്‍ പോലും ഇതുവരെ അടച്ചിട്ടില്ല. ഒറ്റശേഖരമംഗലം, മണ്ഡപത്തിന്‍കടവ്, കുണ്ടമണ്‍കടവിലും വലിയ പാലങ്ങളും മറ്റ് ചെറിയ കലിങ്കുകളുമാണ് നവീകരിക്കാനുളളത്. എന്നാല്‍ ആ പാലങ്ങള്‍ പോലും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല.

ഏറെ തിരക്കുള്ള മലയോരദേശമായ വെള്ളറടയിലെ യാത്രക്കാര്‍ അധികവും നെയ്യാറ്റിന്‍കര വഴി തിരുവനന്തപുരത്തേക്ക് പോകാനുള്ളവരാണ്. എന്നാല്‍ ഈ റൂട്ടില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്കുകാരണം കാട്ടക്കട വഴി തിരുവനന്തപുരത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. ഇതോടെ കഴിഞ്ഞ 10 വര്‍ഷമായി ഏറെ തിരക്കുള്ള പാതയായി വെള്ളറട- കാട്ടാക്കട- ബേക്കറി- തിരുവനന്തപുരം റോഡ് മാറി. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇവിടുത്തെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയും. അതിന് നാലുവരിപ്പാത തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top