Monday, 23 Sep, 11.50 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
പാക് പ്രധാനമന്ത്രിയുടെ ദാരിദ്ര്യത്തില്‍ മനസലിഞ്ഞ് സൗദി ... അമേരിക്കയില്‍ ഇമ്രാന്‍ പറന്നിറങ്ങിയത് സൗദി രാജകുമാരന്‍ ദാനം നല്‍കിയ വിമാനത്തില്‍

ന്യൂയോര്‍ക്ക് : യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുവാനായുള്ള ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെത്തിയത് സൗദി രാജകുമാരന്റെ സ്വകാര്യ വിമാനത്തില്‍. അമേരിക്കയിലേക്കുള്ള സന്ദര്‍ശനത്തിന് മുന്നോടിയായി സൗദി സന്ദര്‍ശിക്കുകയായിരുന്ന പാക് പ്രധാനമന്ത്രി അവിടെ നിന്നും വാണിജ്യ വിമാനത്തില്‍ അമേരിക്കയിലേക്ക് യാത്രചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. സാമ്ബത്തിക ഞെരുക്കത്തിലായ പാകിസ്ഥാനെ കരകയറ്റുന്നതിനായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പും അമേരിക്കയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുവാനെത്തിയപ്പോള്‍ യാത്രാവിമാനത്തെയാണ് ഇമ്രാന്‍ ഖാന്‍ ആശ്രയിച്ചത്. ഇതു കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു പകരമായി അമേരിക്കയിലെ പാക് എംബസിയിലാണ് അദ്ദേഹം അന്തിയുറങ്ങിയത്.

കാശ്മീര്‍ വിഷയത്തില്‍ സൗദിയുടെ പിന്തുണ ഉറപ്പിക്കുവാനാണ് പാക് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയത്. ഇവിടെ വച്ചു സൗദി രാജകുമാരനും, കീരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയുടെ വിശിഷ്ട അതിഥിയായ താങ്കള്‍ വാണിജ്യ വിമാനത്തില്‍ പോകേണ്ടെന്നും സ്വന്തം വിമാനം ഉപയോഗിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നുമാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ എത്തിയ പാക് പ്രധാനമന്ത്രിക്ക് തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ അതേ ദിവസം അമേരിക്കന്‍ മണ്ണിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച്‌ അമേരിക്ക സ്വീകരിച്ചതും സമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഈ മാസം ഇരുപത്തിയേഴിനാണ് യു.എന്‍ പൊതുസഭയെ പാക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാശ്മീര്‍ വിഷയത്തെ കുറിച്ചാവും മുഖ്യമായും അദ്ദേഹം പ്രസംഗിക്കുക എന്നു കരുതുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top