Saturday, 21 Sep, 2.31 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
പാലാ: പുറം കാഴ്‌ചകള്‍ ഒന്നുമല്ല, അടിയൊഴുക്ക് വിധി നിര്‍ണയിക്കും, തിങ്കളാഴ്ച ബൂത്തിലേക്ക്

കോട്ടയം: കഴിഞ്ഞ കുറെ ആഴ്ചകളായി കേരളം പാലായുടെ പിന്നാലെയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവും ചിഹ്നതര്‍ക്കവും പാലാരിവട്ടം ഫ്ലൈഓവറും കിഫ്ബിയുമെല്ലാം പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമായി. എന്നാല്‍, ഈ കോലാഹലങ്ങള്‍ക്കിടയിലും വിധി ഒളിപ്പിച്ചുവച്ചിരിക്കുകയാണ് പാലാ. തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുമ്ബോള്‍ അതെല്ലാം വോട്ടായി മാറും. ഇന്നലെ കലാശക്കൊട്ടിനുശേഷം ഇന്നുംനാളെയും നിശബ്ദ പ്രചാരണമാണ് പാലായില്‍. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തകര്‍. രാഷ്ട്രീയമായ ഏറ്റുമുട്ടലില്‍ പ്രചാരണവിഷയങ്ങള്‍ മാറിമാറി വന്നെങ്കിലും വിധി നിശ്ചയിക്കുക അടിയൊഴുക്കുകളാവും.

തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുമ്ബോള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാലായിലെ വോട്ടര്‍മാര്‍ ഏതാണ്ട് മനസിലുറപ്പിച്ച്‌ കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇവിടെ പ്രവചനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ല. പുറം കാഴ്ചകള്‍ക്കപ്പുറം അടിയൊഴുക്കുകളാണ് ഇവിടെ പ്രാധാനം. ഇത്തവണ മൂന്ന് പ്രധാന മുന്നണികളും പരസ്യ പ്രചാരണത്തിന് വലിയ സ്ഥാനം നല്‍കിയില്ല. വാള്‍പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ഒഴിവാക്കിയായിരുന്നു പ്രചാരണം. വീടുവീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് അഭ്യര്‍ത്ഥനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. കുടുംബയോഗങ്ങളിലാണ് എല്ലാ മുന്നണികളും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ സാമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചാരണത്തില്‍ മുന്നിട്ടുനിന്നു.

പാലാ മണ്ഡലം നിലനിറുത്തുകയെന്നത് കേരള കോണ്‍ഗ്രസിന്റെ മാത്രം ചുമതലയല്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോണ്‍ഗ്രസിന് ഇത്തവണ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ വിജയിപ്പിച്ചേ പറ്റൂ. അതിനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇടഞ്ഞുനിന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചതും യു.ഡ‌ി.എഫിന് ആശ്വാസമായി.

ഇടതുമുന്നണി വളരെ ശ്രദ്ധയോടെയാണ് കരുനീക്കങ്ങള്‍ നടത്തിയത്. ഓരോ പഞ്ചായത്തുകളിലും ഓരോ നേതാക്കളെ ചുമതലകള്‍ ഏല്പിച്ചായിരുന്നു പ്രചാരണം. എന്‍.സി.പിയിലെ മാണി സി.കാപ്പന് വേണ്ടി മൂന്നു ദിവസം പാലായില്‍ തങ്ങിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം നടത്തിയത്. ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് കാഴ്ചവച്ചത്. കേന്ദ്ര, സംസ്ഥാന നേതാക്കളെല്ലാം പാലായില്‍ എത്തി പ്രചാരണത്തിന് നേതൃത്വം നല്‍കി. ഇക്കുറി അത്ഭുതം കാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തിങ്കളാഴ്ച വോട്ടെടുപ്പ് കഴിഞ്ഞാല്‍ 27വരെ കാത്തിരിപ്പിന്റെ ദിനങ്ങള്‍. അന്നറിയാം പാലായുടെ മനസ് ആരോടൊപ്പമാണെന്ന്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top