Monday, 24 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
പാലം നിര്‍മ്മാണം പുരോഗമിക്കുമ്ബോള്‍ ബണ്ട് റോഡ് തകര്‍ച്ചയില്‍

പാറശാല: ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ വ്ലാത്താങ്കര, കീഴമ്മാകം വാര്‍ഡിലെ ജനങ്ങള്‍ പേടിച്ചാണ് ബണ്ട് റോഡ് വഴി യാത്ര ചെയ്യുന്നത്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലം നിര്‍മ്മിക്കുന്നതിനായി നെയ്യാറിന് കുറുകെ മണ്ണിട്ട് താത്കാലിക റോഡ് നിര്‍മ്മിച്ചു. ഇതോടെ നെയ്യാര്‍ ഗതിമാറി ഒഴുകുകയും ബണ്ട് റോഡിന്റെ വശങ്ങള്‍ തകരുകയും ചെയ്തു. വരള്‍ച്ചമൂലം ആറിലെ വെള്ളക്കുറവായിരുന്നതിനാല്‍ താത്കാലിക റോഡിന് കീഴെ അഞ്ച് പൈപ്പുകള്‍ മാത്രമാണ് സ്ഥാപിച്ചത്. മഴ ആരംഭിച്ചതോടെ കഴിഞ്ഞദിവസം ആറിലെ കുത്തൊഴുക്കില്‍ താത്കാലിക റോഡ് ഒലിച്ചുപോയി. ഒപ്പം ബണ്ട് റോഡിന്റെ വശങ്ങളും തകര്‍ന്നു. ഓരോ ദിവസവും കഴിയുംതോറും ബണ്ട് റോഡിന്റെ വശങ്ങള്‍ ആറിലേക്ക് ഇടിയാന്‍ തുടങ്ങി. പല ദിവസങ്ങളിലായി റോഡ് തകരാന്‍ തുടങ്ങിയിട്ടും അധികൃതര്‍ കണ്ട മട്ടില്ലെന്നാണ് പരാതി. പാലം പണിയില്‍ മുടക്കില്ലാതെ മുന്നോട്ടുപോകുകയാണ് അധികൃതര്‍. എന്നാല്‍ ഓരോ ദിവസവും തകരുന്ന റോഡ് നന്നാക്കാനോ തകര്‍ച്ചയ്ക്കെതിരെ മുന്‍കരുതല്‍ എടുക്കാനോ നടപടിയില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. റോഡിന്റെ തകര്‍ച്ച തടയാന്‍ അധികൃതര്‍ അടിയന്തിരമായി നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top