Monday, 15 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
പാലങ്ങള്‍ക്ക് സംരക്ഷണ ഭിത്തിയാകുന്നു

വെഞ്ഞാറമൂട്: എം.സി റോഡിലെ വാഹനയാത്രക്കാര്‍ക്ക് ഇനി ഭയമില്ലാതെ യാത്ര ചെയ്യാം. ഈ റോഡിലെ അപകടക്കെണിയായി മാറിയിരുന്ന സംരക്ഷണഭിത്തിയും കൈവരികളും ഇല്ലാത്ത പാലങ്ങള്‍ നേരേയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടികളെടുത്തു തുടങ്ങി. റോഡില്‍ അപകടക്കെണിയായ പാലങ്ങളെക്കുറിച്ച്‌ സംരക്ഷണ ഭിത്തിയില്ലാത്ത പാലങ്ങള്‍ എന്ന തലക്കെട്ടില്‍ കേരളകൗമുദി ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. എം.സി റോഡില്‍ വെമ്ബായം ജംഗ്ഷനിലെ പാലത്തിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. തുരുമ്ബെടുത്ത ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്ക് 4 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ തൈക്കാട് ബൈപാസിലേക്ക് കയറുന്നതിന് മുന്‍പേയുള്ള പാലം, പെരുങ്കൂര്‍ പാലം എന്നിവ ഇപ്പോഴും പഴയ അവസ്ഥയില്‍ തുടരുകയാണ്. ഇവ കൂടി അറ്റകുറ്റപ്പണികള്‍ നടത്തി അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തൈക്കാട് ബൈപാസും എം.സി റോഡും ചേരുന്ന ഭാഗത്താണ് കൈവരി തകര്‍ന്ന പാലമുള്ളത്. തൈക്കാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാരാണ് ഈ ഇടുങ്ങിയ പാലത്തിലൂടെ ദിനംപ്രതി കടന്ന് പോകുന്നത്. രാത്രിയില്‍ അജ്ഞാത വാഹനം ഇടിച്ചാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്. ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നിരവധി വാഹന അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എം.സി റോഡില്‍ പെരുങ്കൂരിന് സമീപത്തുള്ള പാലത്തിന്റെ ഇരുവശത്തെയും കൈവരികള്‍ തകര്‍ന്ന നിലയിലാണ്. ഇവിടെ ശ്രദ്ധയൊന്ന് മാറിയാല്‍ നേരെ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണ്. കാല്‍ നടയാത്രക്കാരും രാത്രി കാലത്ത് യാത്ര ചെയ്യുന്ന വാഹനയാത്രക്കാരും എറെ ബുദ്ധിമുട്ടിലാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top