Wednesday, 16 Aug, 11.55 am കേരളകൗമുദി

പ്രാദേശികം
പാങ്ങോട് പൊലീസ് സ്റ്റേഷന്‍ ചരിത്ര സ്മാരകമാകുന്നു

കിളിമാനൂര്‍: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം പിടിച്ച പാങ്ങോട് പൊലീസ് സ്റ്റേഷന്‍ ചരിത്ര സ്മാരകമാകുന്നു. ഈ ആവശ്യം ഉന്നയിച്ചു വാമനപുരം എം.എല്‍.എ ഡി.കെ. മുരളി പുരാവസ്തു വകുപ്പിന് നിവേദനം നല്‍കി. കഴിഞ്ഞ ഫെബ്രുവരി 27ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടംപിടിച്ച കല്ലറ പാങ്ങോട് വിപ്ലവത്തിലെ (1938 സെപ്തംബര്‍ 30) സമരക്കാരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത് ഈ സ്റ്റേഷനില്‍ വച്ചായിരുന്നു. സിവില്‍ നിയമം ലംഘിച്ച്‌ കല്ലറ ചന്തയില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് ഇവിടെ എത്തിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ അന്നത്തെ ഓല മേഞ്ഞ ഔട്ട് പോസ്റ്റിലേക്ക് സമരക്കാര്‍ വെടിവച്ചു. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ കൊച്ചുനാരായണന്‍ ആശാരിയും പ്ലാക്കീഴില്‍ കൃഷ്ണപിള്ളയും വെടിയേറ്റു മരിച്ചു. അവരുടെ മൃതദേഹം പൊലീസ് വിലക്ക് മറികടന്ന് ഔട്ട് പോസ്റ്റിന് മുന്നില്‍ അടക്കി. അന്ന് കുഴിമാടത്തില്‍ നട്ട തെങ്ങ് ഇപ്പോഴുമുണ്ട്. 1985 ല്‍ പഴയ ഔട്ട് പോസ്റ്റ് നവീകരിച്ച്‌ പൊലീസ് സ്റ്റേഷനായി ഉയര്‍ത്തി. പത്തുവര്‍ഷം മുന്‍പ് പുതിയ മന്ദിരത്തിലേക്ക് സ്റ്റേഷന്‍ മാറിയതോടെ പഴയ കെട്ടിടം കാലക്രമത്തില്‍ തകരാന്‍ തുടങ്ങി. സമീപത്തെ മരങ്ങള്‍ വീണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരും പൂര്‍ണമായി തകര്‍ന്നു.
സ്വാതന്ത്യ്ര സമര സേനാനികളുടെ ദേശ സ്നേഹ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ലോക്കപ്പ് മുറിയടക്കം തകര്‍ന്നു തുടങ്ങിയതോടെയാണ് സ്റ്റേഷന്‍ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നത്.

ചരിത്ര സ്മാരകമാകുന്നത്
1938ലെ കല്ലറ പാങ്ങോട് വിപ്ലവത്തിന് സാക്ഷിയായ പൊലീസ് ഔട്ട് പോസ്റ്റ്
വിപ്ലവ രക്തസാക്ഷികളെ അടക്കം ചെയ്തത് ഈ ഔട്ട് പോസ്റ്റിന് മുന്നില്‍
 1985ല്‍ ഔട്ട് പോസ്റ്റ് നവീകരിച്ച്‌ പൊലീസ് സ്റ്റേഷനാക്കി
Dailyhunt
Top