Tuesday, 19 Nov, 12.21 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
പാര്‍ലമെന്റ് മാര്‍ച്ച്‌ വഴിയില്‍ തടഞ്ഞു; ഡല്‍ഹിയെ യുദ്ധക്കളമാക്കി ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച്‌ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ ഇന്നലെ രാജ്യ തലസ്ഥാനം കുരുതിക്കളമായി.

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ വിദ്യാര്‍ത്ഥികളും പൊലീസും കേന്ദ്രസേനയും റോഡില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജ് ചെയര്‍പേഴ്‌സണ്‍ ഐഷി ഘോഷ് അടക്കം നൂറോളം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. റോഡ് ഗതാഗതം താറുമാറായി. പാര്‍ലമെന്റിന് സമീപത്തെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ജെ.എന്‍.യുവില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

തുഗ്ലക്ക് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ത്ഥികളെ വൈകിട്ട് ഏഴിന് അടിച്ചോടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാത്രി വൈകിയും സംഘര്‍ഷം തുടര്‍ന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും സമരക്കാര്‍ക്കൊപ്പമുണ്ട്.

ഇരുപത് ദിവസമായി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സമരത്തിലാണ്. ഹോസ്റ്റല്‍ ഫീസില്‍ ഭാഗികമായ കുറവ് വരുത്തുമെന്ന് മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ഇന്നലെ ലോംഗ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. കാമ്ബസില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പാര്‍ലമെന്റിലേക്ക് നടന്നെത്തി പ്രതിഷേധിക്കാനായിരുന്നു തീരുമാനം.

വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഇന്നലെ രാവിലെ തന്നെ കാമ്ബസിന് മുന്നിലെ പ്രധാന കവാടം പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി അടച്ചു. മാര്‍ച്ച്‌ കടന്ന് പോകുമെന്ന് അറിയിച്ചിരുന്ന വഴികളിലും ബാരിക്കേഡുകള്‍ നിരത്തി. പതിനൊന്ന് മണിക്ക് പൊലീസ് കാമ്ബസില്‍ 144 പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യു.ജി.സി മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. വി എസ്. ചൗഹാന്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതയെ നിയോഗിച്ചതായി പതിനൊന്നരയോടെ പൊലീസ് അറിയിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അറിയിപ്പും വന്നു.

എന്നാല്‍, സര്‍വകലാശാല അധികൃത‌ര്‍ അനങ്ങുന്നില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ 11.40ന് മാര്‍ച്ചുമായി മുന്നോട്ട് പോയി. ബാരിക്കേഡുകള്‍ തള്ളിമാറ്റി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. റോഡില്‍ രണ്ടിടത്തായി സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന് നീങ്ങിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. കുറേപ്പേരെ ഇതിനിടെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം വകവയ്ക്കാതെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇടറോഡിലൂടെയും മറ്റും പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങി. ഇവര്‍ തുഗ്ലക്ക് റോഡിലെത്തിയതോടെ പൊലീസ് തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. വി.സി നേരിട്ടെത്തി പ്രശ്‌നം ചര്‍ച്ചചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുറപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തുഗ്ലക്ക് റോഡില്‍ കുത്തിയിരുന്നത്.

വാഹനത്തിലിട്ടും അടിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തങ്ങളെ വാഹനത്തിലിട്ടും മര്‍ദ്ദിച്ചതായി ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പരാതി. നേതാക്കളടക്കം 58 വിദ്യാര്‍ത്ഥികളാണ് ഈ ആരോപണവുമായി എത്തിയത്. അറസ്റ്റിലായവരെ കല്‍കാജി, ഫത്തേപൂര്‍ ബെഹ്റി, ബദര്‍പൂര്‍, ഡല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>