Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ ശ്രദ്ധിക്കണേ; റിസര്‍വ് ബാങ്കിന്റെ ഈ മാറ്റം ഉടൻ

പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ ശ്രദ്ധിക്കണേ; റിസര്‍വ് ബാങ്കിന്റെ ഈ മാറ്റം ഉടൻ

മുംബയ്: പേപ്പർ നോട്ടുകള്‍ക്ക് പകരം പോളിമർ (പ്ലാസ്റ്റിക്) നോട്ടുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

പത്തുവർഷം പഴക്കമുള്ള പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഉയർന്നുവരുന്ന പണത്തിന്റെ ആവശ്യം, അച്ചടി ചെലവ്, നോട്ടുകളുടെ ആയുസ് എന്നിവ കണക്കിലെടുത്ത് വൈകാതെ തന്നെ ഇതിന്റെ പൈലറ്റ് പ്രോജക്റ്റ് (പരീക്ഷണ പദ്ധതി) പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഡിജിറ്റല്‍ പേയ്മെന്റുകളുടെ കാലത്തും വിനിമയത്തിലുള്ള കറൻസിയുടെ തോത് സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള പരുത്തി അധിഷ്ഠിത പേപ്പർ നോട്ടുകള്‍ വളരെ വേഗത്തില്‍ കീറിപ്പോവുകയും അഴുക്കുപിടിക്കുകയും ചെയ്യുന്നുണ്ട്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരുവർഷത്തിനിടെ 23.8 ബില്ല്യണ്‍ (2,380 കോടി) ഉപയോഗശൂന്യമായ നോട്ടുകള്‍ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ നോട്ട് അച്ചടിക്കാനുള്ള ചെലവും (2024-2025 സാമ്പത്തിക വർഷത്തില്‍ ₹6,372 കോടിയിലധികം) വർദ്ധിച്ചിട്ടുണ്ട്.

പോളിമർ നോട്ടുകള്‍ക്ക് സാധാരണ നോട്ടുകളേക്കാള്‍ രണ്ടര മുതല്‍ മൂന്ന് ഇരട്ടി വരെ ആയുസുണ്ടായിരിക്കും. വെള്ളം കയറി നശിക്കുകയോ എളുപ്പത്തില്‍ കീറിപ്പോവുകയോ ഇല്ല. കൂടാതെ ഇവ പൂർണമായും റീസൈക്കിള്‍ ചെയ്യാനും സാധിക്കും. നിലവിലെ എടിഎമ്മുകള്‍ പ്ലാസ്റ്റിക് നോട്ടുകള്‍ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും സജ്ജമാണെന്ന് ആർബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ചെറിയ മൂല്യമുള്ള നോട്ടുകളായ പത്ത്, ഇരുപത് രൂപ നോട്ടുകളായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പുറത്തിറക്കുക. 2012-ല്‍ തന്നെ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നടപ്പായിരുന്നില്ല. ഇത്തരം നോട്ടുകളില്‍ സുതാര്യമായ വിൻഡോകള്‍ പോലുള്ള നൂതന സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താൻ സാധിക്കുന്നതിനാല്‍ കള്ളനോട്ടുകള്‍ തടയാൻ എളുപ്പമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi