Thursday, 19 Sep, 2.14 am കേരളകൗമുദി

തിരുവനന്തപുരം
പേരിലൊതുങ്ങിയ റോഡ്

ശ്രീകാര്യം: നിരവധി കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗര്‍ റോഡ് ഇപ്പോഴും വാഗ്ദാനത്തില്‍ ഒതുങ്ങുകയാണ്. ഇതോടെ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിന് സമീപത്തെ നിരവധി കുടുംബങ്ങള്‍ യാത്രാമാര്‍ഗമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. എന്‍ജിനിയറിംഗ് കോളേജിന് പടിഞ്ഞാറുഭാഗത്തെ ജനങ്ങളാണ് കാല്‍ നൂറ്റാണ്ടായി ഈ ദുരിതം പേറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അനുവദിച്ച റോഡ് കാടുപിടിച്ച്‌ കിടക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എന്‍ജിനിയറിംഗ് കോളേജ് അധികൃതര്‍ തദ്ദേശവാസികള്‍ക്ക് റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട റോഡിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 1.10 കോടി രൂപ അനുവദിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റോഡ് നിര്‍മ്മാണം നീട്ടിക്കൊണ്ടു പോകുന്നെന്നാണ് നാട്ടുകാരുടെ പരാതി.

ശാസ്‌താംകോണം മുതല്‍ എന്‍ജിനിയറിംഗ് കോളേജ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന് സമീപം വരെയെത്തുന്ന ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗര്‍ റോഡ് മൂന്നുമീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്റര്‍ ദൂരം വരുന്നതാണ്. ഈ റോഡിന്റെ പകുതിയോളം വരുന്ന ഭാഗത്തെ നിര്‍മ്മാണത്തിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തുക അനുവദിച്ചത്. മുമ്ബ് കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമായിരുന്ന ചെമ്മണ്‍ റോഡിന്റെ ഭാഗം ഇപ്പോള്‍ കാട് വളര്‍ന്ന് ഇഴജന്തുക്കള്‍ താവളമാക്കി. ജീവഭയം കാരണം ഇവിടുത്തുകാര്‍ എന്‍ജിനിയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റല്‍ വഴിയാണ് ഇപ്പോള്‍ പോകുന്നത്. ഈ വഴിയാകട്ടെ നിറയെ മരങ്ങള്‍ നിറഞ്ഞു ഉഗ്ര വിഷമുള്ള പാമ്ബുകളുടെ ആവാസകേന്ദ്രമാണ്. പകല്‍ സമയത്ത് പോലും സഞ്ചരിക്കാന്‍ ഭയമുള്ള ഈ വഴിയിലൂടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും യാത്രചെയ്യുന്നത്. താത്കാലിക യാത്രാ സൗകര്യത്തിനായി നാട്ടുകാര്‍ മെന്‍സ് ഹോസ്റ്റല്‍ പരിസരം ഉപയോഗിക്കുന്നതിനാല്‍ കോളേജ് അധികൃതര്‍ക്ക് ഈ ഭാഗത്തെ ചുറ്റുമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്.

കാല്‍ നൂറ്റാണ്ടായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഉടന്‍ പരിഹാരം കാണണം. നാട്ടുകാരുടെ പൊതുവികാരം കണക്കിലെടുത്ത് ശാസ്‌താംകോണം - ഇന്ദിരാഗാന്ധി നഗര്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം. -ശ്രീകുമാരന്‍ നായര്‍ ( ത്രിവേണി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി)

 അനുവദിച്ചത് 1.10 കോടി  ദൂരം-1.5 കി.മീ

പ്രധാന പ്രശ്‌നങ്ങള്‍

റോഡിന്റെ വശങ്ങള്‍ കാട് മൂടിയ നിലയിലാണ്

കാല്‍നട യാത്ര പോലും ദുസഹമായി

ഇഴജന്തുക്കളുടെ ശല്യവും കൂടി

ഇപ്പോള്‍ മെന്‍സ് ഹോസ്റ്റല്‍ പരിസരം വഴിയാണ് യാത്ര

ഇക്കാരണത്താല്‍ കോളേജ് അധികൃതരും ബുദ്ധിമുട്ടിലാണ്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top