Friday, 22 Jan, 2.50 am കേരളകൗമുദി

പ്രാദേശികം
പേട്ട - ആനയറ - ഒരുവാതില്‍കോട്ട റോഡ് നവീകരണം: 100.68 കോടി രൂപ കൈമാറി

തിരുവനന്തപുരം: പേട്ട-ആനയറ-ഒരുവാതില്‍കോട്ട റോഡിന്റെ വികസനത്തിനുള്ള തുക കിഫ്ബി കൈമാറി. 2016-17 ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതില്‍കോട്ട റോഡ് വികസനം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം നീണ്ടുപോയ പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കാന്‍ കഴിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്ഥലമേറ്റെടുക്കലിന് 100.68 കോടി രൂപ കിഫ്ബി അധികൃതര്‍ക്ക് കൈമാറി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, തോമസ്‌ ഐസക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

18 മീറ്റര്‍ വീതിയിലാണ് പേട്ട - ഒരുവാതില്‍കോട്ട റോഡ് വിഭാവനം ചെയ്തിരുന്നതെങ്കിലും പ്രദേശവാസികളുടെ അഭ്യര്‍ത്ഥന പ്രകാരവും അമൃത് പദ്ധതിയുടെ സ്വീവറേജ് ലൈനുകള്‍ കൂടി കണക്കിലെടുത്തും പേട്ട റെയില്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ വെണ്‍പാലവട്ടം വരെ 14 മീറ്റര്‍ വീതിയിലും വെണ്‍പാലവട്ടം മുതല്‍ ദേശീയപാത ബൈപ്പാസ് സര്‍വീസ് റോഡ് വരെ 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മ്മാണം പുനര്‍വിഭാവനം ചെയ്തത്. രണ്ട് സ്‌ട്രെച്ചുകളിലുമായി 3.810 കി.മീറ്ററാണ് റോഡിന്റെ ആകെ നീളം. റോഡ് വീതി കൂട്ടലിന് പുറമേ കലുങ്ക് നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഡ്രയിനുകള്‍, ട്രാഫിക് സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 13 ബസ് ഷെല്‍ട്ടറുകളും പദ്ധതിയിലൂടെ നിര്‍മ്മിക്കും. പദ്ധതി പ്രദേശത്ത് നിലവിലുള്ള കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി എന്നിവയുടെ സര്‍വീസ് കണക്ഷനുകള്‍ മാറ്റി സ്ഥാപിക്കാന്‍ 5.93 കോടി രൂപയും സ്വിവറേജ് ലൈനുകളുടെ ക്രമീകരണത്തിനായി 6.9 കോടി രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആകെ അടങ്കല്‍ തുക 133.60 കോടിയാണ്. ഇതില്‍ കടകംപള്ളി വില്ലേജിലെ 1.88 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കലിനും ബന്ധപ്പെട്ട പുനരധിവാസത്തിനുമായി വകയിരുത്തിയ തുകയാണ് കിഫ്ബി കൈമാറിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top