പ്രാദേശികം
ഫയര്‍ഫോഴ്സ് പാഞ്ഞെത്തി, ജീവനക്കാര്‍ പരിഭ്രാന്തരായി ! ഒടുവില്‍ ആശ്വാസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് ഫയര്‍ഫോഴ്സ് പാഞ്ഞെത്തി, താഴത്തെ നിലയില്‍ ഉയര്‍ന്ന പുക കെടുത്താന്‍ ശ്രമിക്കുന്നു. പെട്ടെന്നുണ്ടായ സംഭവത്തില്‍ തീപിടിത്തമുണ്ടായോ എന്ന് എല്ലാവരും അമ്ബരന്നു, ജീവനക്കാരും പരിഭ്രാന്തരായി. സംഗതി ഫയര്‍ഫോഴ്സിന്റെ മോക്ക് ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ഇന്നലെയായിരുന്നു ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടന്നത്. പ്രോട്ടോക്കോള്‍ ഓഫീസിലെ വിവാദമായ തീപിടിത്തത്തിനുശേഷമുള്ള സുരക്ഷാ പരിശോധനയ്ക്കുവേണ്ടിയായിരുന്നു മോക്ക് ഡ്രില്‍. സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിലാണ് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണം നടത്താന്‍ പരിപാടി സംഘടിപ്പിച്ചത്. പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു മോക്ക് ഡ്രില്‍. തീപിടിത്തമുണ്ടായാല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നതടക്കം പരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു. തീപിടിത്തമുണ്ടായാല്‍ ജീവനക്കാരെ ഒഴിപ്പിക്കാനുള്ള മുന്‍കരുതലുകളും പരിശോധിച്ചു. ഫയര്‍ഫോഴ്‌സ് റീജിയണല്‍ ഓഫീസര്‍ ടി. ദിലീപന്‍ നേതൃത്വം നല്‍കി.