Thursday, 22 Apr, 10.27 pm കേരളകൗമുദി

കണ്ണൂര്‍
പി.ടി. മാത്യു വേണുഗോപാല്‍ വിഭാഗത്തിലേക്ക് ; ഇരിക്കൂ‌ര്‍ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം

ഇരിക്കൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ഇരിക്കൂര്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പുതിയ ഗ്രൂപ്പ് പോരിന് വഴി തുറക്കുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ സോണി സെബാസ്റ്റ്യനെ സമൂഹമാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചത് പൊലീസ് അന്വേഷണം വരെ എത്തിയതോടെ യു.ഡി.എഫ് ജില്ലാ ചെയര്‍മാനും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായ പി.ടി മാത്യു കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് ചെക്കേറിയതായാണ് വിവരം.

കെ.സി വേണുഗോപാലിന്റെ കണ്ണൂരിലുള്ള വസതിയില്‍ ഇതിനകം രണ്ടുതവണ പി.ടി മാത്യു അദ്ദേഹവുമായി കൂടികാഴ്ച നടത്തിയിരുന്നു.ഇരിക്കൂറില്‍ സിറ്റിംഗ് എം.എല്‍.എ കെ.സി ജോസഫ് ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ പി.ടി മാത്യുവും ഉണ്ടായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനായിരുന്നു മറ്റൊരാള്‍. എ.ഗ്രൂപ്പില്‍ സോണിയുടെ പേരിനായിരുന്നു മുന്‍തൂക്കം . സീനിയറായ തന്നെ തഴഞ്ഞതിലുള്ള നീരസം അന്നുതന്നെ പി.ടി മാത്യുവിനുണ്ടായിരുന്നു. ജില്ലയിലെ എ ഗ്രൂപ്പിനോട് ഉമ്മന്‍ചാണ്ടി വേണ്ടത്ര പരിഗണന കാട്ടുന്നില്ലെ എന്ന പരാതിയും ഇദ്ദേഹമടക്കമുള്ളവര്‍ക്കുണ്ടായിരുന്നു. ഇരിക്കൂര്‍ സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടില്ല എന്ന അഭിപ്രായവും ഭൂരിഭാഗം നേതാക്കള്‍ക്കുമുണ്ട്. അതിനിടെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഡ്വ. സോണി സെബാസ്റ്റ്യനെതിരെയുള്ള പ്രചരണം വിവാദമാകുന്നത്. ഇതിനു പിന്നില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യുവാണ് എന്ന് കണ്ടെത്തിയതോടെ എ ഗ്രൂപ്പില്‍ രണ്ടുപേരും ഒന്നിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയുടലെടുക്കുകയായിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങി

ആലക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചത് സംബന്ധിച്ച്‌ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന അഡ്വ. സോണി സെബാസ്റ്റ്യനെ രണ്ടു പതിറ്റാണ്ട് മുമ്ബ് പ്രചരിച്ച കൊപ്ര സംഭരണ അഴിമതിയുമായി ബന്ധപ്പെട്ട് കോടതി വിചാരണ നടത്താനിരിക്കുന്നതായും ഇത്തരമൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ദോഷകരമാകുമെന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ ഉറവിടമന്വേഷിച്ച്‌ സൈബര്‍സെല്‍ നടത്തിയ അന്വേഷണവുമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top