Tuesday, 22 Oct, 12.08 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
പോളിംഗില്‍ ന്യൂനമര്‍ദ്ദം വോട്ട് ഇടിഞ്ഞു, ആശങ്ക

 അഞ്ചു മണ്ഡലങ്ങളിലെ പോളിംഗ് ശരാശരി: 69.06

 2016 നെക്കാള്‍ 5 ശതമാനത്തോളം കുറവ്

 എറണാകുളത്ത് 14 ശതമാനത്തിലേറെ കുറവ്

 ഭേദപ്പെട്ട പോളിംഗ് നടന്ന അരൂരിലും പോളിംഗ് കുറഞ്ഞു

 മഞ്ചേശ്വരത്ത് കള്ളവോട്ടിന് യുവതി അറസ്റ്റില്‍

തിരുവനന്തപുരം: മുന്നണികളെ ഞെട്ടിച്ച്‌ 'ന്യൂനമര്‍ദ്ദം' വില്ലനായതോടെ കനത്തുപെയ്ത മഴയില്‍ സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം ഇ‌ടിഞ്ഞു. 69.06 ശതമാനമാണ് അഞ്ചിടത്തെ ശരാശരി പോളിംഗ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രേഖപ്പെടുത്തിയതിനെക്കാള്‍ കുറവാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.25 ആയിരുന്നു അഞ്ചു മണ്ഡലങ്ങളിലെ പോളിംഗ് ശരാശരി.

വട്ടിയൂര്‍ക്കാവില്‍ 62.59 ശതമാനം, കോന്നിയില്‍ 69.99, അരൂര്‍ 80.26, മഞ്ചേശ്വരം 74.81 എന്നിങ്ങനെയാണ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോഴത്തെ പോളിംഗ് നില. കനത്ത മഴ വിഴുങ്ങിയ എറണാകുളത്ത് സമീപകാല തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ്- 57.67. നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ 14 ശതമാനത്തോളം കുറവ്. ഇവിടെ ആറു മണിക്കുശേഷവും 27 ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് ബാക്രബയല്‍ സ്കൂളിലെ 42-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നു കണ്ട്, പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ അരൂരില്‍ 2016-ലേതിനെക്കാള്‍ 5.17ശതമാനം കുറവാണ് ഇക്കുറി. കോന്നിയില്‍ പോളിംഗ് 3.2 ശതമാനം കുറഞ്ഞു. മഴ ശക്തമല്ലാതിരുന്നിട്ടും മഞ്ചേശ്വരത്ത് തുടക്കത്തില്‍ വോട്ടര്‍മാര്‍ വലിയ ആവേശം കാണിക്കാതിരുന്നതും മുന്നണികളെ ഞെട്ടിച്ചു. പോളിംഗില്‍ 2016 ലേതിനെക്കാള്‍ കാര്യമായ വ്യത്യാസം മഞ്ചേശ്വരത്ത് ഉണ്ടായിട്ടില്ല- 1.38 ശതമാനത്തിന്റെ കുറവ് മാത്രം. വട്ടിയൂര്‍ക്കാവില്‍ പോളിംഗ് 7.24 ശതമാനം കുറഞ്ഞു. ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് 11 മണി പിന്നിട്ടതോടെയാണ് സാധാരണനിലയിലായത്. മഴയുണ്ടായിട്ടും അരൂരിലും കോന്നിയിലും രാവിലെ മുതല്‍ ഭേദപ്പെട്ട പോളിംഗ് നടന്നു.

ആരെ തുണയ്ക്കും?

പോളിംഗ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍. ലക്ഷണമൊത്ത ത്രികോണമത്സരം നടന്നതായി കരുതുന്ന കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

അഞ്ചിടത്തും ജയിക്കുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുമ്ബോള്‍ ചിലേടങ്ങളിലെങ്കിലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പാലാ ഉപതിരഞ്ഞെടുപ്പില്‍ 2016 നെ അപേക്ഷിച്ച്‌ പോളിംഗ് ആറു ശതമാനത്തോളം കുറഞ്ഞപ്പോള്‍ ജയം ഒപ്പമായത് ഇടതു കേന്ദ്രങ്ങളില്‍ ആത്മവിശ്വാസമുയര്‍ത്തുന്നു. അഞ്ചു മണ്ഡലങ്ങളിലും വിജയിക്കുമെന്നു തന്നെ യു.ഡി.എഫും വിലയിരുത്തുന്നു.

മഴയുടെ പോളിംഗ്

എറണാകുളത്ത്

അതിശക്തമായ മഴയില്‍ 10 ബൂത്തുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രാവിലെ പോളിംഗ് തടസ്സപ്പെട്ടു. മഴ ശമിക്കാതിരിക്കുകയും പലേടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ആശങ്കയുയര്‍ന്നെങ്കിലും കാത്തിരിക്കാനായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം.

വോട്ടെടുപ്പ് രണ്ടു മണിക്കൂര്‍ നീട്ടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് നിരസിക്കുകയായിരുന്നു. വൈകിട്ട് ആറിന് ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top