Tuesday, 02 Jul, 12.14 pm കേരളകൗമുദി

തിരുവനന്തപുരം
പൊന്‍മുടി കീഴടക്കി ടൂറിസ്റ്റുകളെത്തി ഞായറാഴ്ചകളില്‍ റെക്കാര്‍ഡ് കളക്ഷന്‍

വിതുര: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ പൊന്‍മുടി സന്ദര്‍ശിക്കാന്‍ ഇന്നലെയും ടൂറിസ്റ്റുകളുടെ വന്‍ പ്രവാഹം. പൊന്‍മുടി മേഖലയില്‍ മഴ പെയ്തെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല.

അയ്യായിരത്തോളം വാഹനങ്ങളാണ് ഇന്നലെ മാത്രം പൊന്‍മുടിയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയും പൊന്‍മുടിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ കുത്തൊഴുക്ക് മൂന്ന് ആഴ്ചയായി തുടരുകയാണ്.ഉച്ചയോടെ പൊന്‍മുടി നിറയും.ഇതിനെ തുടര്‍ന്ന് കല്ലാറില്‍ വച്ച്‌ സഞ്ചാരികളെ മടക്കി അയക്കുകയാണ്. സഞ്ചാരികളെ തടഞ്ഞ് തിരിച്ചയയ്ക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. പൊന്‍മുടിക്ക് പുറമേ കല്ലാര്‍ മീന്‍മുട്ടിവെള്ളച്ചാട്ടം, വായുവാന്‍തോല്‍ വെള്ളച്ചാട്ടം, ബോണക്കാട്, പേപ്പാറ, ചീറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തി. ജൂണ്‍മാസത്തിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ പൊന്‍മുടിയിലെത്തിയത്. അഞ്ച് ലക്ഷത്തില്‍ പരം സഞ്ചാരികളാണ് പൊന്‍മുടി, കല്ലാര്‍, പേപ്പാറ, ബോണക്കാട്, വായുവാന്‍തോല്‍, മീന്‍മുട്ടി, ചീറ്റിപ്പാറ എന്നീ മേഖലകളില്‍ എത്തിയത്. പൊന്‍മുടിയില്‍ സാധാരണ ജൂണ്‍ മാസത്തില്‍ സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇക്കുറി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പൊന്‍മുടിലെ ജലസ്ത്രോതസുകളെ കുറിച്ച്‌ പഠിക്കുവാനും,കുടിവെള്ള വിതരണം സുഗമമാക്കുവാനുമായി പഠനം നടത്തി റിപ്പോട്ട് സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച കേരളസംസ്ഥാനസയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി ഡി.കെ. മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി എം.എല്‍.എ അറിയിച്ചു.

കല്ലാര്‍

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ ഉത്ഭവിച്ച്‌ വിതുര, പെരിഞ്ഞമല, നന്ദിയോട് പഞ്ചായത്തുകളിലൂടെ ഒഴുകി വമനപുരം നദിയില്‍‌ ചേരുന്നു. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഗോള്‍‌ഡന്‍‌വാലി, മീന്‍മുട്ടി എന്നിവ കല്ലാറിന്റെ തീരത്താണ്‌ സ്ഥിതി ചെയുന്നത്.

മീന്‍മുട്ടിവെള്ളച്ചാട്ടം

തിരുവനന്തപുരത്ത് നിന്നും 45 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു. നെയ്യാര്‍ അണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ വനത്തിലൂടെ 2 കിലോ മീറ്റര്‍ നടന്നു വേണം എത്താന്‍.

വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം

തിരുവനന്തപുരത്തു നിന്നും ഏകദേശം 50 കി.മി സഞ്ചരിച്ചാല്‍ വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിലെത്താം. വിതുര കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡില്‍ നിന്നും അല്പം കൂടി മുന്നോട്ടുപോകുമ്ബോള്‍ വലതു വശത്തേയ്ക്കു ബോണക്കാട് പോകുന്ന റോഡുണ്ട്. അത് വഴി കുറച്ചു ദൂരം സഞ്ചരിച്ചാല്‍ ജേഴ്സിഫാമിലെത്തും. അല്പം കൂടി മുന്നോട്ടുപോകുമ്ബോള്‍ വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കാണാം. വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം കാണാനും ട്രെക്കിംഗ് നടത്താനുമായി വനം വകുപ്പിന്റെ പാക്കേജ് നിലവിലുണ്ട് . 1000 രൂപയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് ഫീസ്.

ബോണക്കാട്

തിരുവനന്തപുരത്തു നിന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.

വിതുര,മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഒരു തേയിലത്തോട്ടവും ഇവിടെയുണ്ട്

പേപ്പാറ

തിരുവനന്തപുരത്തിനടുത്ത് കരമനയാറില്‍ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ല്‍ തന്നെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം - പൊന്മുടി റോഡിലാണ് സ്ഥിതിചെയ്യുന്നത്.

ചീറ്റിപ്പാറ

തൊളിക്കോട് പഞ്ചായത്തിലാണ് ചീറ്റിപ്പാറ സ്ഥിതിചെയ്യുന്നത്.സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചീറ്റിപ്പാറയുടെ പ്രകൃതിമനോഹാരിത ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top