Monday, 23 Sep, 2.14 am കേരളകൗമുദി

തിരുവനന്തപുരം
പോത്ത് ഷാജിയുടെ മൃതദേഹം കബറടക്കി ബന്ധുവിനെ റിമാന്‍ഡ് ചെയ്തു

വിതുര:ബാറിലുണ്ടായ തര്‍ക്കത്തെയും അടിപിടിയെയും തുടര്‍ന്ന് ഉറ്റ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ച തൊളിക്കോട് തേവന്‍പാറ വിളയില്‍ വീട്ടില്‍ സൈനുലാബ്ദ്ദീന്റെ മകന്‍ എസ്.ഷാജി (45)യുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് തൊളിക്കോട് തേവന്‍പാറ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. സംഭവവുമായി ബന്ധപ്പെട്ട് വിതുര പൊലീസ് അറസ്റ്റ് ചെയ്ത ഷാജിയുടെ പിതാവിന്റെ സഹോദരിയുടെ മകന്‍ തൊളിക്കോട് തുരുത്തി അസീം മന്‍സിലില്‍ എ.സജീദിനെ(36) കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സജീദ് ഷാജിയുടെ വീട്ടില്‍ കയറി വെട്ടുകത്തി കൊണ്ട് മുഖത്ത് ആഴത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഉടന്‍ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചു. അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജി അടുത്തിടെയാണ് ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഷാജിയുടെ പേരില്‍ വിതുര, നെടുമങ്ങാട്, പാലോട്, ആര്യനാട് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന് വിതുര സി.ഐ എസ്.ശ്രീജിത്തും എസ്.ഐ വി.നിജാമും അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top