വാണിജ്യം
പ്രതിസന്ധികള്‍ വിജയമാക്കിയ ഗോപി കോട്ടമുറിക്കല്‍

കൊച്ചി: പ്രതിസന്ധികളെ നേരിട്ട വിജയമാണ് ഗോപി കോട്ടമുറിക്കല്‍ എന്ന ഉറച്ച കമ്മ്യൂണിസ്റ്റിനെ കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് പദവിയിലെത്തിച്ചത്. ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഉയര്‍ന്ന സ്ഥാനങ്ങള്‍ കൈവരിക്കുമ്ബോഴും എളിമ നിലനിറുത്തുന്ന ജനകീയ നേതാവാണ്.
മൂവാറ്റുപുഴ കോട്ടമുറിക്കല്‍ നീലകണ്ഠന്‍ - ലക്ഷ്‌മി ദമ്ബതികളുടെ മകനാണ് ഗോപി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ : ശാന്ത ഗോപി. മകന്‍ : അജേഷ് കോട്ടമുറിക്കല്‍. മരുമകള്‍ : വിദ്യ.
1968ല്‍ സ്റ്റുഡന്റ്സ് മൂവ്മെന്റിലൂടെയാണ് പൊതുരംഗത്തെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ഇതോടെ വീട്ടില്‍ നിന്ന് പുറത്തായി. എട്ടുവര്‍ഷം പാര്‍ട്ടി ഓഫീസ് വരാന്തയിലെ ബെഞ്ചിലാണ് കഴിഞ്ഞത്.
സി.പി.എമ്മിന്റെ മൂവാറ്റുപുഴ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1970ല്‍ എസ്.എഫ്.ഐ രൂപീകരണകാലത്ത് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യ കേന്ദ്ര കമ്മിറ്റിയില്‍ അംഗമായി. 1972ല്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി. 1973ല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവുമായി. 1982ല്‍ ജില്ലാ കമ്മിറ്റി അംഗം. 1985ല്‍ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായും സംസ്ഥാനസമിതി അംഗവുമായി. 1987ല്‍ പിറവത്തു നിന്ന് നിയമസഭാ അംഗമായി. എ.പി. വര്‍ക്കിയുടെ നിര്യാണത്തോടെ സി.പി.എം ജില്ലാ സെക്രട്ടറിയായി. വിവാദങ്ങളെത്തുടര്‍ന്ന് 2012 ജൂണില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.
നടപടിക്ക് വിധേയനായെങ്കിലും പാര്‍ട്ടിയോടുള്ള കൂറും വിശ്വാസ്യതയും അദ്ദേഹം കൈവിട്ടില്ല. 2014 ജനുവരിയില്‍ അദ്ദേഹത്തെ പാര്‍ട്ടി തിരിച്ചെടുത്തു. സി.പി.എം സംസ്ഥാന സമിതിയംഗം, കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ചെയര്‍മാനെന്ന നിലയിലാണ് കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാക്കവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.