Monday, 30 Mar, 4.46 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
പുതിയ കൂട്ടുകളുമായി ഫോഡ് എന്‍ഡവര്‍

ത്സവത്തിന് നെറ്റിപ്പട്ടമൊക്കെ ചൂടി ആന എഴുന്നള്ളുന്നത് പോലെയാണ്, നിരത്തില്‍ ഫോഡ് എന്‍ഡവറിനെ കാണുമ്ബോള്‍ തോന്നുക. വലിയ ബോഡിയും മസിലൊക്കെ വിരിച്ചുള്ള ലുക്കുമൊക്കെയായി, എന്‍ഡവര്‍ നീങ്ങുമ്ബോള്‍ ആരുമൊന്ന് നോക്കും; നോക്കാതിരിക്കാനാവില്ല. വലിയ ലുക്ക് മാത്രമല്ല, മികച്ച കരുത്തുണ്ട്. നല്ല ഫെര്‍ഫോമന്‍സുമുണ്ട്.

ഏകദേശം രണ്ടു പതിറ്രാണ്ട് മുമ്ബാണ് ഈ പ്രീമീയം എസ്.യു.വി ആദ്യമായി ഇന്ത്യന്‍ നിരത്തിലെത്തിയത്. ഇക്കാലം കൊണ്ട്, വാഹന പ്രേമികളുടെ മനസില്‍ കൂടുതല്‍ വിശാലമായ ഇടവും നേടി. എന്‍ഡവറിന്റെ 2020 പതിപ്പിന്റെ രൂപകല്‌പനയില്‍ ഒറ്റനോട്ടത്തില്‍ കാതലായ മാറ്റങ്ങളില്ല. എന്നാല്‍, ഹെഡ്ലാമ്ബ് ഇപ്പോള്‍ പൂര്‍ണമായും എല്‍.ഇ.ഡിയാണ്. ഇതിനൊപ്പം മികച്ച ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. വണ്ടിയിലെ പ്രധാന മാറ്റം 2.0 ലിറ്റര്‍, 4-സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാണ്. പഴയ 3.2 ലിറ്റര്‍, 2.2 ലിറ്റര്‍ എന്‍ജിനുകള്‍ക്ക് ബദലാണിത്.

ബി.എസ്-6 ചട്ടം പാലിക്കുന്ന എന്‍ജിന്റെ കരുത്ത് 166 ബി.എച്ച്‌.പിയും പരമാവധി ടോര്‍ക്ക് 420 എന്‍.എമ്മുമാണ്. നേരത്തേയുള്ള 2.2 ലിറ്റര്‍ എന്‍ജിനേക്കാള്‍ ഉയര്‍ന്നതാണ് ഈ കരുത്തും ടോര്‍ക്കും. ലോകത്തെ ആദ്യ 10-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മറ്റൊരു മികവ്. മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഇത് നല്‍കുന്നുണ്ട്. ഓവര്‍ടേക്കിംഗിലും വേഗം പെട്ടെന്ന് കുറയ്ക്കാനുള്ള പരിശ്രമത്തിലും മികച്ച റിസള്‍ട്ടും ഇതുറപ്പാക്കുന്നു.

പുതിയ മോഡലിന് ടൈറ്രാനിയം, ടൈറ്രാനിയം പ്ളസ് എന്നിങ്ങനെ 2-വീല്‍ ഡ്രൈവ് പതിപ്പുകളും ടൈറ്രാനിയം പ്ളസില്‍ 4-വീല്‍ ഡ്രൈവ് പതിപ്പുമുണ്ട്. 2-വീല്‍ ഡ്രൈവ് പതിപ്പുകള്‍ ലിറ്രറിന് 13.9 കിലോമീറ്ററും 4-വീല്‍ ഡ്രൈവ് മോഡല്‍ 12.4 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. നല്ലൊരു ഓഫ്-റോഡ് വാഹനം കൂടിയായ എന്‍ഡവറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 225 എം.എം ആണ്.

മികച്ച ഡ്രൈവിംഗ് മോഡുകള്‍, ആഡംബരം കൈവിടാത്ത - ബ്ളാക്ക് ആന്‍ഡ് ബീജ് ടോണ്‍ അകത്തളം, മികച്ച സ്‌പേസിംഗ്, പനോരമിക് സണ്‍റൂഫ്, ഏഴ് എയര്‍ബാഗുകള്‍, ട്രാക്‌ഷന്‍ കണ്‍ട്രോള്‍, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., സ്‌മാര്‍ട്ട് പാസീവ് എന്‍ട്രിയോട് കൂടിയ പുഷ് ബട്ടണ്‍ സ്‌റ്രാര്‍ട്ട്-സ്‌റ്രോപ്പ്, ഹില്‍ അസിസ്‌റ്ര്, റിയര്‍വ്യൂ കാമറ, പാര്‍ക്ക് അസിസ്‌റ്ര്, ഡ്യുവല്‍-സോണ്‍ ക്ളൈമറ്ര് കണ്‍ട്രോള്‍ എന്നിങ്ങനെയുമുണ്ട് മികവുകള്‍.

ലെതറില്‍ പൊതിഞ്ഞതാണ് എഴു സീറ്റുകളും. ഡ്രൈവറുടെയും മുന്നിലിരിക്കുന്നവരുടെയും സീറ്റ് ക്രമീകരിക്കാം. ഹാന്‍ഡ്‌സ് ഫ്രീ കാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട് നവീനമായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍. കാലിന്റെ ചലനം തിരിച്ചറിഞ്ഞ് (സെന്‍സര്‍) ഓട്ടോമാറ്രിക് ആയി തുറക്കുന്ന ഡിക്കിയും മികവാണ്. 29.55 ലക്ഷം രൂപ മുതലാണ് പുതിയ എന്‍ഡവറിന്റെ വില. കറുപ്പ്, വെള്ള, സില്‍വര്‍ നിറഭേദങ്ങളുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top