Saturday, 15 Aug, 12.47 am കേരളകൗമുദി

കേസ് ഡയറി
രഹസ്യബന്ധം കണ്ടുപിടിച്ചതില്‍ അമര്‍ഷം; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: രഹസ്യ ബന്ധം കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷന്‍ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാര്‍(45), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതായി ഗായത്രി അയല്‍വാസികളെ പറഞ്ഞ് ധരിപ്പിച്ച്‌ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയ്ക്കേറ്റ മുറിവ് തലയില്‍ ഭാരമുള്ള കമ്ബി കൊണ്ട് അടിച്ചതാകാമെന്നും ഇപ്പോള്‍ കോമ സ്റ്റേജില്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതില്‍ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കള്‍ വടശ്ശേരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നാഗര്‍കോവില്‍ ക്രൈം ബ്രാഞ്ച് ഡി.എസ്.പി ഗണേഷ്, വടശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കാളീശ്വരി എന്നിവര്‍ ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഗായത്രിക്ക് വീടിനടുത്തുള്ള സ്‌റോസ് കട ഉടമയും മധുര സ്വദേശിയുമായ യാസര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്കൂള്‍ തുടങ്ങാനായി ഒരു വര്‍ഷം മുന്‍പ് ഗായത്രിയോട് സാമ്ബത്തിക സഹായം ചോദിച്ചു.

ഗായത്രി തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി 10 ലക്ഷം രൂപ നല്‍കി. യാസര്‍ ഈ തുക ഉപയോഗിച്ച്‌ പ്ലേ സ്കൂള്‍ തുടങ്ങുകയും അതില്‍ ഗായത്രിയെ അദ്ധ്യാപികയാക്കുകയും ചെയ്തു. ഇവരുടെ വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്തത് കാരണം ഇവര്‍ക്കിടയില്‍ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതില്‍ അമര്‍ഷം കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. തുടര്‍ന്ന് രാത്രി വീടിന്റെ വാതില്‍ തുറന്നിടുകയും ഭര്‍ത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ ക്വട്ടേഷന്‍ സംഘങ്ങളായ വിജയകുമാറും കരുണക്കാരനും ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ഉടന്‍ ഗായത്രി തന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഗായത്രി, വിജയകുമാര്‍ കരുണാകരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തിവരുന്നു. ആറു വര്‍ഷം മുന്‍പാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് നാലു വയസുള്ള ആണ്‍ കുട്ടിയുമുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top