Tuesday, 17 Sep, 10.46 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
രാജസ്ഥാന്‍: മായവതിക്ക് തിരിച്ചടി  മുഴുവന്‍ ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക് ചേക്കറി

ജയ്പൂര്‍: ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി നല്‍കി, രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ആകെയുള്ള ആറ് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.എല്‍.എമാര്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രിനി യമസഭ സ്പീക്കര്‍ സി പി ജോഷിയെ കണ്ട് കോണ്‍ഗ്രസിലേയ്ക്ക് മാറുന്നതായി അറിയിക്കുന്ന കത്ത് നല്‍കി. ഇതോടെ 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 118 (12 സ്വതന്ത്രര്‍ ഉള്‍പ്പെടെ) അംഗങ്ങളായി. ബി.ജെ.പിക്കെതായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.
രാജേന്ദ്ര ഗുഡ്ഡ (ഉദയ്പൂര്‍വതി), ജോഗേന്ദ്ര സിംഗ് അവാന (നഡ്ബായി), ലഖന്‍ സിംഗ് മീണാ (കരൗലി), സന്ദീപ് യാദവ് (തിജാരാ), വജീബ് അലി (നഗര്‍), ദീപ്ചന്ദ് ഖേരിയ (കിഷന്‍ഗര്‍ഹ്ബാസ്) എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടിയാണിതെന്ന് രാജേന്ദ്ര ഗുഡ്ഡ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് പുറമെ നിന്ന് പിന്തുണ നല്‍കി വരികയായിരുന്നു ബി.എസ്.പി.
അതേസമയം എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് പോയതിന്റെ രോഷം മായാവതി ട്വിറ്ററില്‍ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത് കടുത്ത വഞ്ചനയാണെന്നും ബി.എസ്.പി. എം.എല്‍.എമാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി തെളിയിച്ചെന്നും മായാവതി പറഞ്ഞു.
'എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടി. എല്ലായ്‌പ്പോഴും ബി.ആര്‍. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് അംബേദ്കര്‍ നിയമമന്ത്രിസ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് ഒരിക്കലും ഭാരതരത്ന നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണ്' മായാവതി പറഞ്ഞു.

ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്

കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ് നേരത്തെ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇപ്പോള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമായി. ബി.എസ്.പി പാര്‍ലമെന്ററി പാര്‍ട്ടി ഒന്നാകെ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ കൂറുമാറ്റത്തിന്റെ പ്രശ്നമില്ല. നവംബറില്‍ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.എസ്.പി എം.എല്‍.എമാരുടെ കോണ്‍ഗ്രസിലേയ്ക്കുള്ള പോക്ക്.

കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബി.എസ്.പിയുടെ 6 എം.എല്‍.എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എം.എല്‍.എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഈ 12 സ്വതന്ത്ര എം.എല്‍എമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതോടെ കോണ്‍സിന്‍്‌റെ അംഗസംഖ്യ 118 ആയി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top