Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജസ്ഥാനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍;  ജയം ഏഴ് വിക്കറ്റിന്, ശുഭ്‌മാൻ ഗില്ലിന് സെഞ്ച്വറി

രാജസ്ഥാനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍; ജയം ഏഴ് വിക്കറ്റിന്, ശുഭ്‌മാൻ ഗില്ലിന് സെഞ്ച്വറി

മുല്ലൻപുർ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍.

രാജസ്ഥാൻ ഉയർത്തിയ 215 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ടൈറ്റൻസ് മറികടന്നത്. വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗില്ലും സംഘവും വിജയം സ്വന്തമാക്കുകയായിരുന്നു. ഗില്ലിന്റെ തകർപ്പൻ (53 പന്തില്‍ 103) സെഞ്ച്വറിയും സായ് സുദർശന്റെ അർദ്ധഞ്ച്വറിയുമാണ് ഗുജറാത്തിന് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ഗുജറാത്തിനെ വിജയത്തോടടുപ്പിച്ച ശേഷം ആർച്ചറിന്റെ പന്തിലാണ് ഗില്‍ മടങ്ങിയത്.

ആദ്യ ക്വാളിഫയറില്‍ ആർസിബിക്കെതിരെ ബാറ്റിംഗ് തകർച്ച നേരിട്ട ഗുജറാത്ത്, ശക്തമായ തിരിച്ചുവരവാണ് രണ്ടാം ക്വാളിഫയറില്‍ നടത്തിയത്. രാജസ്ഥാൻ ഉയർത്തിയ 215 റണ്‍സ് എന്ന മികച്ച വിജയലക്ഷ്യം പിന്തുടർന്ന ജിടിക്ക് വേണ്ടി നായകൻ ഗില്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു. ആദ്യ 30 പന്തുകളില്‍ നിന്ന് അർദ്ധസെഞ്ച്വറി തികച്ച ഗില്‍, പിന്നീട് 17 പന്തുകളില്‍ നിന്ന് അടുത്ത 50 റണ്‍സ് കൂടി അടിച്ചുകൂട്ടി തന്റെ സെഞ്ച്വറി പൂർത്തിയാക്കി. ഗില്ലിന്റെ മികച്ച പ്രകടനത്തോടെ ഗുജറാത്ത് ജയം ഉറപ്പാക്കുകയായിരുന്നു. ഇതോടെ അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ ഫൈനലിലേക്കാണ് ഗുജറാത്ത് യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍.

ഗില്ലിനൊപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്ത സായ് സുദർശൻ 26 പന്തുകളില്‍ നിന്ന് അർദ്ധഞ്ച്വറി തികച്ചു. ഇരുവരും ചേർന്ന കൂട്ടുകെട്ട് രാജസ്ഥാൻ ബൗളർമാരെ നിലംപരിശാക്കി. എന്നാല്‍ അർദ്ധസെഞ്ച്വറിക്ക് പിന്നാലെ വിക്കറ്റില്‍ ബാറ്റുകൊണ്ട് സുദർശൻ വീണ്ടും പുറത്തായി. ഒരു ഷോട്ടിന് ശ്രമിക്കുന്നതിനിടെ സുദർശന്റെ കൈയില്‍ നിന്നും ബാറ്റ് തെറിച്ച്‌ വിക്കറ്റില്‍ വീഴുകയായിരുന്നു. ഇത് രണ്ടാം തവണയാണ് സുദർശൻ ഇത്തരത്തില്‍ പുറത്താകുന്നത്. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന ക്യാപ്ടൻ ഗില്ലിന് പോലും ഇത് വിശ്വസിക്കാനായില്ല. തുടർന്ന് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദർ രണ്ട് ഫോറും ഒരു സിക്സും അടിച്ചശേഷം നാന്ദ്രേ ബർഗറിന്റെ പന്തില്‍ ക്യാച്ച്‌ നല്‍കി കൂടാരം കയറി. ജോസ് ബട്ട്ലർ (9), രാഹുല്‍ തെവാട്ടിയ (17) എന്നിവർ പുറത്താകാതെ ക്രീസില്‍ തന്നെ നിന്നു.

മത്സരത്തിന്റെ ടോസിനിടെയുണ്ടായ ചെറിയൊരു കണ്‍ഫ്യൂഷൻ ഒടുവില്‍ ഗുജറാത്ത് ടൈറ്റൻസിന് ഭാഗ്യമായി മാറി. മത്സരത്തില്‍ രണ്ടുതവണയാണ് ടോസ് ഇടേണ്ടി വന്നത്. ആദ്യതവണ ടോസ് ഇട്ടപ്പോള്‍ രാജസ്ഥാൻ ക്യാപ്‌ടൻ റിയാൻ പരാഗ് വിളിച്ചത് എന്താണെന്ന് മാച്ച്‌ റഫറിക്ക് വ്യക്തമായി കേള്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ തവണ കോയിൻ വീണത് 'ടെയില്‍സ്' ആയിരുന്നു. പരാഗ് വിളിച്ചതാകട്ടെ ഹെഡ്സും. അതുകൊണ്ട് ആദ്യത്തെ ഫലം അനുസരിച്ച്‌ ഗുജറാത്തിനായിരുന്നു ടോസ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പരാഗിന്റെ ശബ്ദം കേള്‍ക്കാതിരുന്നതുകൊണ്ട്, കമന്റേറ്റർ രവി ശാസ്ത്രി ടോസ് വീണ്ടും നടത്താൻ പ്രഖ്യാപിച്ചു.

രണ്ടാമത് ടോസ് ഇട്ടപ്പോള്‍ രാജസ്ഥാൻ റോയല്‍സ് ജയിക്കുകയും അവർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയുമായിരുന്നു. ഇതിനെതിരെ ഗുജറാത്ത് ക്യാപ്ടൻ ശുഭ്മൻ ഗില്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് ടോസ് കിട്ടിയിരുന്നെങ്കില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗില്‍ പിന്നീട് പറയുകയും ചെയ്തു. ഒടുവില്‍ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോർ ഉയർത്തിയെങ്കിലും, ഗുജറാത്ത് അനായാസം വിജയം കാണുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളില്‍ തകർപ്പൻ ഫോമിലായിരുന്ന രാജസ്ഥാന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെയും മറ്റ് ബാറ്റർമാരെയും കൃത്യമായി തളച്ചിടാൻ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഗുജറാത്തിന് സാധിച്ചു. ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റണ്‍ മല പടുത്തുയർത്തിയെങ്കിലും, ഗുജറാത്തിന്റെ ബാറ്റിംഗിന് മുന്നില്‍ അത് അനായാസം വഴിമാറുകയായിരുന്നു. 2008ന് ശേഷം ആദ്യമായി കിരീടം ചൂടാമെന്ന രാജസ്ഥാൻ റോയല്‍സിന്റെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi