ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലിചെയ്‌തവരെയും കേന്ദ്ര സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. കെഎസ്‌ഇബി ജീവനക്കാരിയായ ബെൻസി ജോണിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്.
റെയില്‍വെയുടെ സേവന വ്യവസ്ഥകള്‍ റെയില്‍വെ ചട്ടപ്രകാരമാണ് ആ കാരണം കൊണ്ട് അവർ കേന്ദ്ര സർക്കാർ ജീവനക്കാരാകാതിരിക്കുന്നില്ല. ഇവർക്ക് പുതിയ ജോലിയിലെ വേതനം നിശ്ചയിക്കുമ്പോള്‍ വെയിറ്റേജ് നല്‍കണം. റെയില്‍വേ ജീവനക്കാർക്ക് സർവീസ് പ്രശ്‌നങ്ങളില്‍ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ബെഞ്ച് വിധിച്ചു. കെഎസ്‌ഇബിയില്‍ സബ് എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച ബെൻസിക്ക് വെയിറ്റേജ് ലഭിച്ചിരുന്നില്ല. 1990ല്‍ റെയില്‍വെയില്‍ ജൂനിയർ ഡ്രാഫ്റ്റ്‌മാനായാണ് സർവീസില്‍ പ്രവേശിച്ചത്. പത്ത് വർഷത്തോളം റെയില്‍വേയില്‍ സ്ഥിരം സർവീസിലുണ്ടായി. ശേഷമാണ് കെഎസ്‌ഇബിയിലെത്തിയത്.
റെയില്‍വെയിലെ സർവീസ് കെഎസ്‌ഇബിയില്‍ ശമ്പളം നിശ്ചയിക്കാൻ പരിഗണിച്ചു. പക്ഷെ റെയില്‍വെ ബോർഡ് ചീഫ് ഇന്റേണല്‍ ഓഡിറ്റർ ഇതിനെ എതിർക്കുകയും അധികമായി നല്‍കിയ പണം തിരികെപിടിക്കാൻ ഉത്തരവിടുകയും ചെയ്‌തു. റെയില്‍വെ സർവീസ് കേന്ദ്ര സർക്കാർ സർവീസെന്ന് പരിഗണിച്ച് ശമ്പളനിർണയത്തില്‍ വെയിറ്റേജ് നല്‍കാൻ കഴിയില്ലെന്നാണ് അന്ന് ഉത്തരവില്‍ പറഞ്ഞത്. ഇതിനെതിരെ ബെൻസി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ 2017ല്‍ സിംഗിള്‍ ബെഞ്ച് ഇവർക്ക് അനുകൂലമായി വിധി നല്‍കി. എന്നാല്‍ 2019ല്‍ ഡിവിഷൻ ബെഞ്ച് ഇതിനെതിരായി വിധി പുറപ്പെടുവിച്ചു. നിലവില്‍ സുപ്രീംകോടതി 2019ലെ ഈ വിധി തള്ളുകയും 2017ലെ വിധി പുനഃസ്ഥാപിക്കുകയും ചെയ്‌തു.
റെയില്‍വേ ബോർഡിന്റെ അധികാരങ്ങള്‍ അതിലെ ജോലിക്കാരുടെ കേന്ദ്ര ജീവനക്കാരെന്ന പദവി ഇല്ലാതാക്കുന്നില്ല, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് റെയില്‍വെ. ബെൻസി ജോണിന് നല്‍കിയ ആനുകൂല്യങ്ങള്‍ നേരത്തെ ഉത്തരവിലൂടെ പിൻവലിച്ചതില്‍ അശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി മൂന്ന് മാസത്തിനകം ഹർജിക്കാരന് ആനുകുല്യങ്ങളെല്ലാം നല്‍കിയിരിക്കണമെന്നും ഉത്തരവിട്ടു.

