Sunday, 15 Sep, 2.14 am കേരളകൗമുദി

തിരുവനന്തപുരം
റോഡ് പണി അഥവാ നാട്ടുകാര്‍ക്കിട്ടൊരു പണി

പാറശാല: പാറശാല പഞ്ചായത്തിലെ പവതിയാന്‍വിളയില്‍ നിന്നും ആലംപാറ വഴി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കേരള - തമിഴ്‌നാട് അതിര്‍ത്തി ഭാഗത്ത് താമസിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായ റോഡിലൂടെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ 110 കെ.വി. സബ്സ്റേഷന്‍ സ്ഥിതി ചെയ്യുന്നതും ഈ റോഡിനോട് ചേര്‍ന്നാണ്. ദൈനംദിനം നിരവധി പേര്‍ യാത്രചെയ്യുന്നതിനുള്ള റോഡ് ആണ് ഇത്തരത്തില്‍ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് നടപ്പിലാക്കിയ കാളിപ്പാറ ശുദ്ധജല പദ്ധതിക്കുവേണ്ടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിപ്പൊളിച്ചതോടെ റോഡിന്റെ കഷ്ടകാലത്തിന് ആക്കംകൂട്ടി. നാട്ടുകാരുടെ പരാതി ശക്തമായതോടെ വെട്ടിപ്പൊളിച്ച റോഡ് ടാര്‍ ചെയ്തു. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നില അതേ പടി തുടരുകയാണ്.

 ടെന്‍ഡര്‍ സ്വീകരിച്ചു എന്നിട്ടും...

കാളിപ്പാറ ശുദ്ധജല വിതരണത്തിന് വേണ്ട് വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് റോട് ടാര്‍ചെയ്യാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചത്. അതനുസരിച്ച്‌ പരശുവയ്ക്കല്‍ - പെരുവിള - മണിവിള റോഡ്, പരശുവയ്ക്കല്‍ ആടുമാന്‍കാട് - ചിറക്കോണം റോഡ്, പവതിയാന്‍വിള - ചിറക്കോണം - ആലമ്ബാറ റോഡ് എന്നിവയുടെ ടാറിംഗ് ജോലികള്‍ ഒരേ കോണ്‍ട്രാക്ടര്‍ ആണ് ഏറ്റെടുത്തത്. എന്നാല്‍ രണ്ട് റോഡുകളുടെ പണിയും നടത്തി എങ്കിലും പവതിയാന്‍വിള- ചിറക്കോണം -ആലമ്ബാറ റോഡിന്റെ ടാറിംഗ് ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ റോഡിന്റെ പുനരുദ്ധാരണം ഭാഗികമായി ചിറക്കോണം വരെ പൂര്‍ത്തിയാക്കിയ ശേഷം പണി നിറുത്തിവച്ചിരിക്കുകയാണ്.പണി നിറുത്തിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു.ഏറെ ബുദ്ധിമുട്ടിയിട്ടാണ് നാട്ടുകാര്‍ ഈ വഴി യാത്ര ചെയ്യുന്നത്. എന്നാല്‍ റോഡ് പണിക്കാണെന്ന പേരില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്ക് മുന്‍പ് റോഡില്‍ അവിടവിടെയായി ചാരല്‍ക്കൂനകള്‍ കൂട്ടിയിട്ടിരിക്കുന്നത്‌ നാട്ടുകാരുടെ സഞ്ചാരം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കോണ്‍ട്രാക്ടറുടെ ഇഷ്ടത്തിനനുസരിച്ച്‌ റോഡ് പണിയുടെ കാലാവധി നീട്ടിക്കൊടുക്കുന്നത് ബന്ധപ്പെട്ട അധികാരികള്‍ നാട്ടുകാരോട് കാണിക്കുന്ന വഞ്ചനയാണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

പ്രതികരണം: പവതിയാന്‍വിള - ആലമ്ബാറ റോഡിന്റെ പുനരുദ്ധാരണം ഇനിയും നീട്ടിക്കൊണ്ട് പോകാനാണ് പി.ഡബ്ള്യു.ഡി അധികൃതരും കോണ്‍ട്രാക്ടറും ശ്രമിക്കുന്നതെങ്കില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരവുമായി രംഗത്ത് വരാനാണ് തീരുമാനം.

ആലമ്ബാറ പൗരസമിതി.

 റോഡ് തകര്‍ന്നിട്ട് 15 വര്‍ഷം കഴിഞ്ഞു

 തകര്‍ന്ന റോഡ് വെട്ടിപ്പൊളിച്ചിട്ട് 5 വര്‍ഷം

 വെെട്ടിപ്പൊളിച്ചത് ............കാളിപ്പാറ ശുദ്ധജല വിതരണത്തിനായി

ഫോട്ടോ: 1. തകര്‍ന്ന നിലയിലുള്ള പവതിയാന്‍വിള - ആലമ്ബാറ റോഡ്,

2. ടാര്‍ ചെയ്യാനെന്നകാരണം പറഞ്ഞ് ഗതാഗത തടസങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ കഴിഞ്ഞ ആറ് മാസത്തിലേറെ കാലമായി റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന ചരല്‍ കൂനകള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top