Dailyhunt
രുചിയുടെ പര്യായം അടുക്കളകള്‍ കീഴടക്കി 'മാ'

രുചിയുടെ പര്യായം അടുക്കളകള്‍ കീഴടക്കി 'മാ'

കാഞ്ഞങ്ങാട്: പനത്തടി പാണത്തൂര്‍ നെല്ലിക്കുന്നിലെ ഭാഗ്യലക്ഷ്മി കുടുംബശ്രീയിലെ പുലരി ജെ.എല്‍.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ആരംഭിച്ച കറിപ്പൊടികളും അപ്പപ്പൊടികളും നാടന്‍ രുചി വൈവിദ്ധ്യം കൊണ്ട് അടുക്കളകള്‍ കീഴടക്കുകയാണ്.

മായം കലരാത്ത വിശ്വാസ്യതയുടെ പേരായി മാറിയിരിക്കുന്നു 'മാ ഫുഡ്‌സ്'. വായ്പയെടുത്തും കൈയിലുണ്ടായിരുന്നതെല്ലാം പണയപ്പെടുത്തിയും ആരംഭിച്ച ഈ സംരംഭം 5 കുടുംബങ്ങളുടെ ജീവനോപാധി കൂടിയാണ്.

2017ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പഞ്ചായത്തില്‍ ആരംഭിച്ച ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് ഇതിനു രൂപം നല്‍കിയത്. ചന്ദ്രമണി, വി.വി. പത്മജ, ശാലിനി രവീന്ദ്രന്‍, പ്രേമ തമ്ബാന്‍, എല്‍.സി. തോമസ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്. കുടുംബശ്രീയുടെ സഹകരണത്തോടെ 15 ലക്ഷം രൂപ വായ്പയെടുത്ത് യന്ത്രങ്ങള്‍ വാങ്ങി. സാധനങ്ങള്‍ കഴുകാനുള്ള യന്ത്രങ്ങള്‍ മുതല്‍ പാക്കറ്റ് അടിക്കാനുള്ളവ വരെ ഇവരുടെ പക്കലുണ്ട്.

മാ എന്ന ബ്രാന്‍ഡ് പേരും സ്വീകരിച്ചു. പുട്ട്, ഇടിയപ്പം, പത്തിരി, മുളക്, മല്ലി, മഞ്ഞള്‍, സാമ്ബാര്‍ പൊടികള്‍ ബഹുവര്‍ണ പായ്ക്കറ്റിലാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ മിലി മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനമാണ് വിതരണം ഏറ്റെടുത്തത്. നേരിട്ടുള്ള വില്‍പനയ്ക്ക് പുറമെ കുടുംബശ്രീ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെയും 'മാ' ഉത്പന്നങ്ങള്‍ ലഭ്യമാണ്.

വിപണിയില്‍ നിന്നു വാങ്ങുന്ന അരിയും മുളകും മല്ലിയും കഴുകി വറുത്തെടുത്തു പൊടിച്ചാണ് പാക്കറ്റിലാക്കുന്നത്. മഞ്ഞള്‍ നാടനാണ്. സ്വന്തമായി കൃഷി ചെയ്യുന്നതിനു പുറമേ വിവിധ കുടുംബശ്രീകളില്‍ നിന്നു വാങ്ങുന്ന മഞ്ഞളാണ് പൊടിച്ച്‌ വിപണിയിലെത്തിക്കുന്നത്. അന്നു പഞ്ചായത്തില്‍ വി.ഇ.ഒ ആയിരുന്ന സി.എച്ച്‌. ഇഖ്ബാല്‍ ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇപ്പോള്‍ കുടുംബശ്രീ മിഷന്‍ ജില്ലാ അസി. കോഓര്‍ഡിനേറ്ററായ ഇദ്ദേഹത്തിന്റെ സഹായം ഇവര്‍ എടുത്തുപറയുന്നു.

ഒരു മാസം ശരാശരി 10,000-15,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരുമാനം. ഒരു മാസം 48000 രൂപ വായ്പ തിരിച്ചടവിന് തന്നെ വേണം. കെട്ടിട വാടക, വൈദ്യുതി ബില്‍, കയറ്റിറക്ക് കൂലി തുടങ്ങിയവയെല്ലാം ചേര്‍ത്ത് 12,000 രൂപയോളം വേറെ. ഇതൊക്കെ കഴിച്ചുള്ള തുകയാണ് ഓരോരുത്തര്‍ക്കും ശമ്ബളമായി ലഭിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi