Wednesday, 14 Aug, 12.50 am കേരളകൗമുദി

പ്രാദേശികം
ശക്തമായ കടലാക്രമണം: അഴീക്കല്‍ ബീച്ച്‌ കടലെടുത്തു

ഓച്ചിറ: പ്രകൃതി രമണീയമായ അഴീക്കല്‍ ബീച്ച്‌ ശക്തമായ കടലാക്രമണത്തില്‍ നശിക്കുന്നു. അഴീക്കല്‍ ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി കായംകുളം പൊഴിയുടെ ഇരുവശങ്ങളിലും പുലിമുട്ട് നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായി ഉണ്ടായതാണ് അഴീക്കല്‍ ബീച്ച്‌. കായംകുളം പൊഴിയുടെ തെക്ക് വശത്താണ് അഴീക്കല്‍ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. കെ.സി. വേണുഗോപാല്‍ കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോള്‍ ഒരുകോടി രൂപ ബീച്ചിന്റെ വികസനത്തിനായി അനുവദിച്ചിരുന്നു. ഇതില്‍ 60 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഒാഡിറ്റോറിയവും നടപ്പാതയുമാണ് കടലാക്രമണത്തില്‍ നശിക്കുന്നത്. കടലിനുള്ളിലേക്ക് തള്ളിനില്‍ക്കുന്ന പുലിമുട്ടുകളില്‍ക്കൂടി നടന്ന് വളരെ ദൂരം കടലിനുള്ളിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കടലാക്രമണത്തില്‍ പുലിമുട്ടിന്റെ അഗ്രഭാഗവും ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളില്‍ വലിയ മത്സ്യങ്ങള്‍ പുലിമുട്ടിന്റെ അറ്റത്ത് പ്രത്യക്ഷപ്പെടാറുണ്ടെന്ന് സമീപപ്രദേശങ്ങളിലുള്ളവര്‍ പറയുന്നു.

2 ലൈഫ് ഗാര്‍ഡുകള്‍ മാത്രം

ദിവസവും നൂറുകണക്കിന് പേര്‍ വന്നുപോകുന്ന ബീച്ചില്‍ സുരക്ഷയ്ക്കായി ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിയമിച്ച രണ്ട് ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണുള്ളത്. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശം അവഗണിച്ച്‌ ആളുകള്‍ കടലിലിറങ്ങുന്നതിനാല്‍ അപകടം പതിവാണ്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ ഒരു ഒൗട്ട് പോസ്റ്റ് ഇവിടെ അത്യാവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ടൂറിസ്റ്റ് കേന്ദ്രമാക്കാം

കേരളത്തില്‍ ആദ്യമായി പൂണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച തൂക്കുപാലം ബീച്ചിനടുത്താണ്.

അഴീക്കല്‍ ബിച്ച്‌, ഫിഷിംഗ് ഹാര്‍ബര്‍, തൂക്കുപാലം, അമൃതാനന്ദമയി മഠം, സുനാമി സ്മാരകം എന്നിവയെ കൊര്‍ത്തിണക്കി അഴീക്കലിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാന്‍ കഴിയും.

500 മീറ്ററോളം ഉള്ളിലേക്കുള്ള കരയാണ് കടലെടുത്തത്

 60 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഒാഡിറ്റോറിയവും നടപ്പാതയുമാണ് കടലാക്രമണത്തില്‍ നശിക്കുന്നത്

തുരപ്പന്‍ കടല്‍

മണ്‍സൂണ്‍ സമയത്ത് കടലില്‍ അനുഭവപ്പെടുന്ന 'തുരപ്പന്‍ കടല്‍' എന്ന പ്രതിഭാസമാണ് അഴീക്കല്‍ ബീച്ചിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കരമണല്‍ കടല്‍ കവര്‍ന്നെടുക്കുന്ന പ്രതിഭാസമാണ് തുരപ്പന്‍ കടല്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top