Monday, 21 Oct, 12.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ശിവഗിരി തീര്‍ത്ഥാടന വിളംബരം ബീജിംഗില്‍ നടന്നു

ശിവഗിരി: 87-ാമത് ശിവഗിരി തീര്‍ത്ഥാടന വിളംബരം കഴിഞ്ഞ ദിവസം ചൈനയിലെ ബീജിംഗില്‍ നടന്നു. ചൈന സന്ദര്‍ശിക്കുന്ന ശിവഗിരിയില്‍ നിന്നുള്ളസംഘത്തിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടന വിളംബരം നടന്നത്. ഡിസംബര്‍ 30, 31, ജനുവരി 1തീയതികളില്‍ ശിവഗിരിയില്‍ നടക്കുന്ന തീര്‍ത്ഥാടനത്തിന്റെ ആഗമനം ആഗോള തലത്തില്‍ അറിയിക്കുന്നതിന്റെ ഭാഗമായാണ് വിളംബരം നടന്നത്. ചൈനീസ് പാര്‍ലമെന്റ് മന്ദിരത്തിനും മാവോ സെ തുങിന്റെ സ്‌മാരകത്തിനും മുന്നില്‍ വച്ച്‌ തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയാണ് വിളംബരം നിര്‍വഹിച്ചത്. ഗുരുദേവന്റെ ശിവഗിരി തീര്‍ത്ഥാടനം എന്ന ആശയവും ലക്ഷ്യവും പ്രതിപാദിക്കുന്ന മങ്ങാട് ബാലചന്ദ്രന്‍ തയ്യാറാക്കി കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കല്‍ ലൈഫ് ആന്‍ഡ് ടീച്ചിംഗ്സ് എന്ന ഗ്രന്ഥം ബീജിംഗിലെ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് നല്‍കി കൊണ്ടാണ് തീര്‍ത്ഥാടന വിളംബരം നിര്‍വഹിക്കപ്പെട്ടത്. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മങ്ങാട് ബാലചന്ദ്രന്‍, അരുവിപ്പുറം പ്രചരണ സഭ കണ്‍വീനര്‍ വണ്ടന്നൂര്‍ സന്തോഷ്, മീഡിയാകമ്മിറ്റി കണ്‍വീനര്‍ ഡോ. എം.ജയരാജ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ആദ്യമായാണ് വിദേശത്ത് വച്ച്‌ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഔപചാരികമായ വിളംബരം നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെയും ശിവഗിരി തീര്‍ത്ഥാടനം എന്ന നവോത്ഥാന ആശയത്തെയും കുറിച്ച്‌ സ്വാമി സാന്ദ്രാനന്ദ സംസാരിച്ചു.

ഫോട്ടോ: 87-ാമത് ശിവഗിരി തീര്‍ത്ഥാടന വിളംബരത്തിന്റെ ഭാഗമായി ചൈനയില്‍ ബീജിംഗില്‍ ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കല്‍ ലൈഫ് ആന്‍ഡ് ടീച്ചിംഗ്സ് എന്ന ഗ്രന്ഥം ബീജിംഗിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് സ്വാമി സാന്ദ്രാനന്ദ നല്‍കുന്നു. ഡോ.എം.ജയരാജ്, സ്വാമി ശിവസ്വരൂപാനന്ദ,സ്വാമി വിശാലാനന്ദ, മങ്ങാട് ബാലചന്ദ്രന്‍, വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ സമീപം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top