Sunday, 23 Feb, 6.50 pm കേരളകൗമുദി

ദേശീയം
സി.എ.എ പ്രക്ഷോഭം: ജാഫറാബാദിലും അലിഗഢിലും സംഘര്‍ഷം,ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറ്, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരിലാണ് സംഘര്‍ഷം ഉണ്ടായത്. ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്‌ ഒരു വിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതോടെ പൊലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസും അര്‍ദ്ധ സൈനികവിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെയാണ് സമരം തുടങ്ങിയത്. കൂടുതല്‍ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇതോടെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന്‍ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു. ഇരുവിഭാഗവും കല്ലേറ് നടത്തുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.

യുപിയിലെ അലിഗഢിലും സി.എ.എ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിനുനേരെ കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്.. സ്ഥലത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top