Tuesday, 09 Jul, 12.20 am കേരളകൗമുദി

പ്രാദേശികം
സ്കൂള്‍ സമയത്ത് പിറവത്ത് ടിപ്പറുകളുടെ കൊലവിളി

കൊച്ചി : ടിപ്പറുകളും ടോറസുകളും സമയക്രമം പോലും തെറ്റിച്ച്‌ തലങ്ങും വിലങ്ങും പായുന്നതിനാല്‍ പിറവത്ത് റോഡിലൂടെ യാത്ര പേടിപ്പെടുത്തുന്നതായി. അനുവദനീയമായതിലും കൂടിയ അളവിലാണ് കല്ലും മണ്ണും നിറച്ച്‌ ലോറികള്‍ കടന്നുപോവുന്നത്. പലതും ടാര്‍പോളിന്‍ ഉപയോഗിച്ച്‌ മൂടാത്തതിനാല്‍ പുറകെ പോകുന്ന വാഹനയാത്രക്കാരാണ് ഏറെ വലയുന്നത്. കൃത്യമായ പരിശോധന മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും പൊലീസും നടത്തുന്നില്ല.

# പ്രതിസ്ഥാനത്ത് ടിപ്പര്‍

ഓണക്കൂര്‍ മുതല്‍ പേപ്പതിവരെയുള്ള എട്ടുകിലോമീറ്ററോളം ദൂരത്തില്‍ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഉള്ള നിലയിലാണ് റോഡ് ഘടന. എതിര്‍ ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തമ്മില്‍ കാണാന്‍പോലും പലയിടത്തും സാധ്യമല്ല. ഈ റൂട്ടില്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള അപകടങ്ങളിലെല്ലാം ടിപ്പര്‍ ലോറികളാണ് പ്രതിസ്ഥാനത്ത്. ഡ്രൈവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള അധിക ബാറ്റ ലഭിക്കുന്നതിനും കൂടുതല്‍ ട്രിപ്പെടുക്കുന്നതിനുമായാണ് മത്സരയോട്ടം.

# റോഡ് മുറിച്ചുകടക്കുന്നതിന്

പെടാപ്പാട്

ടോറസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചില്‍ മൂലം മക്കളെ പിറവം ടൗണില്‍ക്കൂടി സൈക്കിളില്‍ സ്‌കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കളും ഭയപ്പെടുന്നു. കാല്‍നടക്കാരായ കുട്ടികള്‍ റോഡ് കുറുകെ കടക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ് സ്റ്റാന്‍ഡ് കവലയിലും കാരവട്ടെക്കുരിശ് കവലയിലും സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിനും ഫാത്തിമ സെട്രല്‍ സ്‌കൂളിനും മുന്നിലുമാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ വലയുന്നത്.

# നിയന്ത്രിക്കണം

സ്‌കൂള്‍ സമയങ്ങളിലെ ടിപ്പര്‍ ലോറികളുടെ ചീറിപ്പായല്‍ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണം. രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ഭയാശങ്കയിലാണ്.

പ്രിന്‍സ് ഡാലിയ,

രക്ഷകര്‍ത്താവ്‌

# ഈ സമയങ്ങളില്‍

ടിപ്പര്‍ഓട്ടം അരുത്

ഒന്‍പതുമണിക്ക് സ്‌കൂള്‍ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകിട്ട് 3.30 മുതല്‍ 4.30 വരെയും, പത്തുമണിക്ക് ക്ലാസ് ആരംഭിക്കുന്ന സ്ഥലങ്ങളില്‍ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും ടോറസും ടിപ്പറും ടിപ്പര്‍ ഓടിക്കരുതെന്നാണ് അധികാരികളുടെ ഉത്തരവ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top